കാക്കനാട്: രണ്ടാഴ്ചക്ക് ശേഷം നടത്തിയ അവലോകനത്തിലും ജില്ലയിലെ പദ്ധതി നിര്‍വഹണത്തില്‍ പുരോഗതിയില്ല. തദ്ദേശ ഭരണസ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണം 25 ശതമാനം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മൊത്തം ചെലവഴിച്ച പദ്ധതി തുക ഏറ്റവും ഒടുവില്‍ നടത്തിയ അവലോകന റിപ്പോര്‍ട്ടില്‍ 19.69 ശതമാനമായിരുന്നു. പദ്ധതി നിര്‍വഹണത്തില്‍ ജില്ലാ പഞ്ചായത്തും കൊച്ചി കോര്‍പ്പറേഷനും നിലമെച്ചപ്പെടുത്തിയിട്ടില്ല. ജില്ലാ പഞ്ചായത്തില്‍ നേരിയ പുരോഗിയുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
കൊച്ചി കോര്‍പ്പറേഷന്‍ ചെലവഴിച്ച 11.69 ശതമാനത്തിലും നേരിയ പുരോഗതിയുണ്ടായി. ഇതോടെ 12-ാം പഞ്ചവത്സര പദ്ധതിയുടെ അവസാന വര്‍ഷ വിഹിതം വിനിയോഗിക്കുന്നതില്‍ ആശാവഹമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് ചൊവ്വാഴ്ച നടന്ന അവലോകന യോഗത്തിലെ വിലയിരുത്തല്‍. പദ്ധതി തുക വിനിയോഗത്തില്‍ 12-ാം സ്ഥാനത്തുണ്ടായിരുന്ന ജില്ല 10-ാം സ്ഥനത്തെത്തി.
32 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുക വിനിയോഗമാണ് ഇന്നലെ വിലയിരുത്തിയത്. വൈപ്പിന്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്തുകള്‍ യാഥാക്രമം 43.89 ശതമാനവും 41.66 ശതമാനവും പദ്ധതി തുക വിനിയോഗിച്ച് ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. വെറും എട്ടു ദിവസത്തിനകം 33.66 ശതമാനം തുക വിനിയോഗിച്ച് അങ്കമാലി മുനിസിപ്പാലിറ്റി തൃക്കാക്കര മുനിസിപ്പാലിറ്റിക്ക് ഒപ്പമെത്തി. തൃക്കാക്കരയില്‍ 43.75 ശതമാനമായിരുന്ന പദ്ധതി വിഹിതം 45.86 ശതമാനമായാണ് വര്‍ദ്ധിച്ചത്. 33.66 ശതമാനം ചെലവഴിച്ച അങ്കമാലിയാണ് രണ്ടാം സ്ഥാനത്ത്. ഗ്രാമപഞ്ചായത്തുകളില്‍ മുളന്തുരുത്തി (52.85 ശതമാനവും) കീരമ്പാറ (48.39 ശതമാനം) വിനിയോഗിച്ച് യാഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തി.
വ്യക്തിഗത ഗുണഭോക്തൃ പദ്ധതി തുക ചെലവഴിച്ചാണ് പല തദ്ദേശ ഭരണസ്ഥാപനങ്ങളും നിലമെച്ചപ്പെടുത്തിയതെന്നാണ് കണക്കുകള്‍ വ്യകമാക്കുന്നത്. പദ്ധതി തുക വിനയോഗം 25 ശതമാനത്തില്‍ പരാവധി 70 ശതമാനത്തില്‍ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ജില്ല പ്ലാനിങ് ബോര്‍ഡ് അധികൃതര്‍.
















