കൊച്ചി: മലിനജല സംസ്‌കരണത്തിന് സംവിധാനമില്ലെന്നതിനാല്‍ ചോറ്റാനിക്കരയില്‍ ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള 19 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് ഹൈക്കോടതി ഉത്തരവിട്ടു. കമ്മിഷന്‍ സ്ഥലം സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നു ഉത്തരവില്‍ പറയുന്നു.
അടച്ചു പൂട്ടാനുള്ള ഉത്തരവിനെതിരെ ചോറ്റാനിക്കരയിലെ ഹോട്ടലുടമ കെഎസ് രാമകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഹോട്ടലുകളില്‍ നിന്നും മറ്റും ഒഴുകിയെത്തുന്ന മലിനജലം ചോറ്റാനിക്കരയിലെ അടിയാട്ട് ചേപ്പനാട്ട് ചാല്‍ പാടശേഖരത്തിലേക്ക് ഒഴുകിയെത്തി മാലിന്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന പരിസരവാസികളുടെ പരാതിയിലാണ് പരിശോധന നടത്തി ജില്ലാ ഭരണകൂടം അടച്ചു പൂട്ടാന്‍ ഉത്തരവു നല്‍കിയത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിദഗ്‌ദ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയാണ് ഈ തീരുമാനമെടുത്തത്. മലിനജലം പാടശേഖരത്തിലേക്ക് ഒഴുകി എത്തുന്നത് സമീപ പ്രദേശങ്ങളിലെ കിണറുകളും മലിനമാക്കിയെന്ന് സംഘം കണ്ടെത്തിയിരുന്നു.
















