വാഷിങ്ടണ്‍: അമേരിക്കയിലേക്കുള്ള പാക്കിസ്ഥാനികളുടെ കുടിയേറ്റവും വിലക്കിയേക്കും. വൈറ്റ് ഹൗസാണ് ഇതു സംബന്ധിച്ച വ്യക്തമായ സൂചന നല്‍കിയത്. കുടിയേറ്റം നിരോധിച്ചിട്ടുളള രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാനെയും പെടുത്തിയേക്കാമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അമേരിക്കയ്‌ക്കും ലോകത്തിനു തന്നെയും അപകടകരമായ വിധത്തില്‍ ഭീകരതയുള്ള രാജ്യങ്ങളെയാണ് ഇപ്പോള്‍ കുടിയേറ്റ നിരോധിതപട്ടികയില്‍ പെടുത്തിയത്. ഇറാന്‍, ഇറാഖ്, ലിബിയ, സുഡാന്‍, യെമന്‍, സിറിയ, സൊമാലിയ തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിലക്ക്. ഒബാമ ഭരണകാലത്ത് തന്നെ ഈ രാജ്യങ്ങളിലെ ഭീകരസാനിധ്യം തിരിച്ചറിഞ്ഞതാണെന്നും വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥന്‍ റെയിന്‍സ് പ്രൈബസ് വ്യക്തമാക്കി.
പാക്കിസ്ഥാന്‍ അടക്കം മറ്റ് ചില രാജ്യങ്ങളെയും ഈ ഗണത്തിലുള്‍പ്പെടുത്തുന്ന കാര്യം ആലോചനയില്‍. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള സന്ദര്‍ശകര്‍ കടുത്ത നിരീക്ഷണത്തിലാണ്, അദ്ദേഹം വ്യക്തമാക്കി.
വിസ വിലക്കിയ ട്രംപിന്റെ നടപടിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ വിജയാഹ്ലാദം നടത്തി. അമേരിക്ക മുസ്ലിംകള്‍ക്കെതിരാണെന്ന തങ്ങളുടെ വാദം ശരിയാണെന്ന് തെളിഞ്ഞു, ഐഎസ് അനുകൂല പോസ്റ്റുകളില്‍ പറയുന്നു. ‘ട്രംപിന്റെ പ്രഖ്യാപനം അനുഗ്രഹീതം’ എന്നാണ് ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ പ്രതികരണം.
















