തിരുവനന്തപുരം: ലോ അക്കാദമിയെച്ചൊല്ലി സിപിഎമ്മിലും എല്‍ഡിഎഫിലും ഭിന്നത. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും എതിരെ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. പാര്‍ട്ടിയിലും പുറത്തും ലക്ഷ്മി നായര്‍ ബാധ്യതയാവുമെന്ന നിലപാടുമായി നേതാക്കള്‍.
പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തി. ഇതിനിടെ ലക്ഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പേരൂര്‍ക്കട പോലീസ് കേസെടുത്തു. കോളേജിലെ സമരപ്പന്തല്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
അക്കാദമി സമരം സിപിഎമ്മിന് ബാധ്യതയാവുമെന്നതിനാലാണ് പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായം. എകെജി സെന്ററില്‍ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച മുതിര്‍ന്ന നേതാക്കളിലും അണികളിലും രോഷമുയര്‍ത്തി. മുഖ്യമന്ത്രി പ്രതികരിക്കാത്തത് സിപിഎം സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണന്‍ നായരുടെ സമ്മര്‍ദ്ദം മൂലമെന്ന് ആക്ഷേപമുണ്ട്.
ജില്ലാ നേതൃത്വവും രണ്ടുതട്ടില്‍. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സംഘവും ലോ അക്കാദമിക്കൊപ്പം നിലകൊള്ളുന്നുവെന്ന് ഒരു വിഭാഗത്തിന്റെ പരാതി. ഈ അമര്‍ഷം മുതലെടുക്കാന്‍ വിഎസ് രംഗത്തെത്തിയത് സിപിഎമ്മിന് തിരിച്ചടി. അക്കാദമി സമരം വിദ്യാര്‍ത്ഥി സമരം മാത്രമല്ല, പൊതുപ്രശ്‌നമെന്നാണ് വിഎസ് പ്രതികരിച്ചത്.അധികാരശക്തികളെ നിയന്ത്രിക്കേണ്ടവര്‍ കീഴടങ്ങരുതെന്നും അങ്ങനെ സംഭവിച്ചാല്‍ സമരങ്ങള്‍ വിജയിക്കില്ലെന്നും വിഎസ് പറഞ്ഞു.
അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടില്ലെന്ന റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രതികരണം വന്നയുടന്‍ അതിനെതിരെ വിഎസ് രംഗത്തെത്തിയത് സിപിഐയെയും വെട്ടിലാക്കി.
ഇതിനിടെ, പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ പേരൂര്‍ക്കട പോലീസ് കേസെടുത്തു. വി.ജി. വിവേക്, സെല്‍വന്‍ കണ്ണന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണിത്.
വിവേകിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നും സെല്‍വനെ ലക്ഷ്മിയുടെ ഹോട്ടലില്‍ പണിയെടുപ്പിച്ചുവെന്നുവായിരുന്നു പരാതി. 19ന് പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തില്ല. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ എതിര്‍കക്ഷികളാക്കി കോളേജ് പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കണമെന്നും സമരപ്പന്തലുകള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
















