തിരുവനന്തപുരം: ഐസിഎസ്ഇ സിലബസ് 8-ാം ക്ലാസിലെ പാഠപുസ്തകത്തില്‍ ശ്രീനാരായണ ഗുരുവിനെ സാമുദായിക നേതാവ് മാത്രമായി ചിത്രീകരിച്ചത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറിനാണ് കത്തയച്ചത്.
പാഠപുസ്തകത്തിലെ ആറാമത്തെ അദ്ധ്യായമായ ഇഫ്ക്ടീവ് ഹിസ്റ്ററി ആന്‍ഡ് സിവിക്‌സ് എന്ന പാഠത്തിലാണ് ശ്രീനാരായണ ഗുരുവിനെ സാമുദായിക നേതാവ് മാത്രമായി ചിത്രീകരിക്കുന്നത്. അനാചാരങ്ങള്‍ക്കും അനീതിക്കും എതിരെ പ്രവര്‍ത്തിച്ച് സമൂഹത്തെ അസമത്വത്തില്‍ നിന്ന് മോചിപ്പിച്ച മഹാനാണ് നാരായണഗുരുദേവന്‍. അദ്ദേഹത്തെ സമുദായ നേതാവ് മാത്രമാക്കി ചുരുക്കുന്നത് ഗുരുദേവന്റെ സംഭാവനകളോടുള്ള അവഗണനയാണെന്ന് കുമ്മനം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രമണ മഹര്‍ഷി, മഹാത്മാഗാന്ധി, രവീന്ദ്രനാഥ് ടാഗോര്‍ തുടങ്ങിയ സമകാലികരെല്ലാം അംഗീകരിച്ച മഹത്തായ ജീവിതത്തിന് ഉടമയമാണ് ശ്രീനാരായണ ഗുരുദേവന്‍.
പാഠഭാഗം തിരുത്താന്‍ ഐസിഎസ്ഇക്ക് നിര്‍ദ്ദേശം നല്‍കുക മാത്രമല്ല ശ്രീനാരായണ ഗുരുവിന്റെ ജാതി മീമാംസ എന്ന കൃതിയില്‍ നിന്നുള്ള ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കുമ്മനം കത്തില്‍ ആവശ്യപ്പെട്ടു.
















