തിരുവനന്തപുരം: അതീവ സുരക്ഷയുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്‌കെച്ചു പകർത്താൻ ഐജിയുടെ അനുമതി ലഭിച്ചിരുന്നുവെന്ന് എഴുത്തുകാരി ലക്ഷ്മിരാജീവ്. എന്നാൽ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ പൊതുവായി അനുമതി നൽകുകയായിരുന്നു. എന്നാൽ സുരക്ഷ മുൻനിർത്തി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് പുറത്തുമാത്രമാണ് സ്‌കെച്ച് വരയ്‌ക്കുന്നതിനും ചിത്രരചനയ്‌ക്കും താൻ അനുമതി നൽകിയെന്ന് ഐജി മനോജ് എബ്രഹാം ‘ജന്മഭൂമി’യോട് പറഞ്ഞു.
ആറ്റുകാൽ ദേവിയെക്കുറിച്ച് പുസ്തകമെഴുതിയ തനിക്ക് ക്ഷേത്രാചാരങ്ങൾ, വാസ്തു, ക്ഷേത്രങ്ങളിൽ എന്നിവയിൽ ആഴത്തിലുള്ള വായനയുണ്ട്. ക്ഷേത്രതന്ത്രം പഠിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പത്മനാഭസ്വാമിക്ഷേത്രത്തെക്കുറിച്ച് എഴുതാൻ തീരുമാനമെടുത്തതെന്ന് ലക്ഷ്മി രാജീവ് പറയുന്നു.
എക്‌സിക്യൂട്ടീവ് ഓഫീസർ ആണ് സുപ്രീംകോടതി നിയമിച്ച അതോറിറ്റി എന്ന് വിശ്വസിച്ചാണ് രേഖാമൂലം അപേക്ഷ നൽകിയതും അനുമതി നേടിയതും. എഴുതുന്ന പുസ്തകവും സ്‌കെച്ചുകളും ക്ഷേത്രത്തിൽ ഏല്പിക്കണമെന്ന് നിർദ്ദേശിച്ചു. എന്നാൽ ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ ചിത്രം വരയ്‌ക്കാൻ സാധിക്കില്ലെന്നും ഉന്നത ഉദ്യോഗസ്ഥന്റെ അനുമതി വാങ്ങണമെന്നും പറഞ്ഞു.
അതുകൊണ്ടാണ് ഐജിയുടെ കത്ത് വാങ്ങി ഏൽപിച്ചത്. എന്നിട്ടും അത് മതിയാവില്ലെന്ന അവസ്ഥയാണ്. വരയ്‌ക്കാൻ ഉദ്ദേശിക്കുന്നത് ശീവേലിപ്പുര, ഗോപുരം എന്നിവിടങ്ങളിലെ ചിത്രങ്ങളാണെന്നും ലക്ഷ്മി രാജീവ് പറഞ്ഞു.
എന്നാൽ നിബന്ധനകൾക്കുവിധേയമാണ് കത്ത് നൽകിയതെന്ന് ഐജി അറിയിച്ചു. പുറത്തുമാത്രമാണ് അനുവാദം. അതും വഴികൾ രേഖപ്പെടുത്താൻ പാടില്ല. സുരക്ഷാ ചുമതലയുള്ള ഡിസിപി അനുവദിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രമേ സ്‌കെച്ചും ചിത്രരചനയും അനുവദിച്ചിട്ടുള്ളൂവെന്നുമാണ് ഐജിയുടെ നിലപാട്.
















