അനുമതിയില്ലാത്ത കെട്ടിടങ്ങളില്‍ ഒന്ന്
തിരുവനന്തപുരം: ലോ അക്കാദമിക്കായി സര്‍ക്കാര്‍ നല്‍കിയ ഭൂമി വാണിജ്യാടിസ്ഥാനത്തിലാക്കാന്‍ മാനേജ്‌മെന്റ് ശ്രമം. ഇതിനായി ഒരു വര്‍ഷം മുമ്പ് ലോ അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍നായര്‍ നല്‍കിയ അപേക്ഷാ രേഖകള്‍ പുറത്ത്. ലോ അക്കാദമിയില്‍ നിലവിലുള്ള പലകെട്ടിടങ്ങള്‍ക്കും നഗരസഭയുടെ അനുമതിയില്ല. ഇന്നലെ നഗരസഭ നടത്തിയ ആദാലത്തില്‍ ലോ അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍നായര്‍ അപേക്ഷയുമായി എത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്.
റീസര്‍വ്വേ 725/1,726/4 നമ്പരുകളിലായുള്ള 4.67 ഹെക്ടറാണ് നിലവില്‍ ലോ അക്കാദമിക്കായി അനുവദിച്ചിരിക്കുന്നത്. ഈ റീസര്‍വ്വേ നമ്പരിലുള്ള വസ്തുക്കളും കെട്ടിടങ്ങളുമെല്ലാം വിദ്യാഭ്യാസ(സാങ്കേതികം) ഗണത്തില്‍ ഉള്ളതാണ്. എന്നാല്‍ നഗരസഭ കുടപ്പനക്കുന്ന് സോണല്‍ ഓഫീസില്‍ എ2 3743/16, എ2/4811/16 എന്നീ രണ്ട് ഫയലുകള്‍ മുഴുവന്‍ അക്കാദമി ഭൂമി ‘വിദ്യാഭ്യാസ ആവശ്യം’ എന്നത് ‘വാണിജ്യാടിസ്ഥാന’ത്തിലേക്ക് മാറ്റി നല്‍കാനുള്ള അപേക്ഷകളും നീക്കുപോക്കുകളുമാണ്. ഈ വിഷയം അദാലത്തില്‍ പരിഹരിച്ചുനല്‍കാമെന്നുള്ള ഉറപ്പിലാണ് ഫയല്‍ ആദാലത്തിലേക്ക് മാറ്റിയതെന്നാണ് അറിയുന്നത്. അദാലത്ത് തീയതി തീരുമാനിച്ചതിന് ശേഷമാണ് ലോ അക്കാദമി വിഷയം പുറത്തുവരുന്നത്.
അപേക്ഷ പ്രകാരം കെട്ടിടങ്ങള്‍ വിദ്യാഭ്യാസ ആവശ്യത്തില്‍ നിന്ന് മാറ്റുന്നതിനായി വ്യക്തമായ പ്ലാന്‍ ചീഫ് ടൗണ്‍ പ്ലാനിംഗ് ഓഫീസില്‍ നല്‍കാനാണ് അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ രേഖകള്‍ ഹാജരാക്കാന്‍ 90 ദിവസത്തെ സമയം ആവശ്യപ്പെട്ട് 2016 നവംബര്‍ 25ന് നാരായണന്‍ നായര്‍ വീണ്ടും അപേക്ഷ നല്‍കി. ഇതിനെ തുടര്‍ന്ന് ഈ ഫയല്‍ അദാലത്തിലേക്ക് മാറ്റിയെന്നാണ് പുറത്തുവന്ന രേഖകള്‍ സൂചിപ്പിക്കുന്നത്. മന്ത്രിയെക്കൊണ്ട് രേഖകളില്‍ മാറ്റം വരുത്തിക്കാമെന്ന് സിപിഎമ്മും മേയറും മാനേജുമെന്റുമായുള്ള മുന്‍ ധാരണയിലാണ് ഈ അപേക്ഷ അദാലത്തിലെത്തിയതെന്നാണ് ഉദ്യോഗസ്ഥ വൃന്ദം പറയുന്നത്.
കൂടാതെ 2008 ല്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കണമെന്നും നാരായണന്‍ നായര്‍ അദാലത്തില്‍ നല്‍കിയ മറ്റൊരു അപേക്ഷയില്‍ നിന്നു വ്യക്തമാണ്. കുട്ടികളെ പണിയെടുപ്പിച്ചുവെന്ന് പരാതി ഉയര്‍ന്ന ഹോട്ടല്‍, മറ്റ് രണ്ട് കെട്ടിടങ്ങള്‍ എന്നിവയ്‌ക്കുള്ള കെട്ടിട നമ്പരിനായാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്ന് നിലവില്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനും അനുമതിയില്ല എന്നത് വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം കുടപ്പനക്കുന്ന് സോണല്‍ ഓഫീസില്‍ ഏപ്രില്‍ 28നും മെയ് 21നുമാണ് കെട്ടിട നമ്പറിന് അപേക്ഷ നല്‍കിയിരിക്കുന്നത്. ക്രമക്കേട് കണ്ടെത്തിയനെ തുടര്‍ന്നാണ് കെട്ടിട നമ്പര്‍ നല്‍കാത്തതെന്നാണ് സൂചന.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത കെട്ടിടത്തില്‍ ക്ലാസ് റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. വൈദ്യൂതിയും മറ്റ് സൗകര്യങ്ങളും ഇവിടെയുണ്ട്. ഈ അപേക്ഷകളെല്ലാം ലോ അക്കാദമി ലോ കോളജ് സെക്രട്ടറി, പേരൂര്‍ക്കട എന്ന മേല്‍വിലാസത്തിലാണ് നല്‍കിയിരിക്കുന്നത്. അപേക്ഷയുടെ താഴെ വീണ്ടും ഇതേ മേല്‍വിലാസത്തില്‍ സീല്‍ വച്ചിട്ടുണ്ട്. എന്നാല്‍ അദാലത്തിലെത്തിയ നാരായണന്‍ നായരെ മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് ബോദ്ധ്യപ്പെട്ടതോടെ മേയര്‍ വി. കെ. പ്രശാന്തും മന്ത്രി കെ.ടി. ജലീലും ഉള്‍പ്പെട്ട സംഘം നാരായണന്‍നായരുടെ അപേക്ഷ പിന്നെ പരിശോധിക്കാമെന്ന് പറഞ്ഞ് മടക്കി തലയൂരി.
















