ഒയെം (ഗാബോണ്‍): ഘാനയും ഈജിപ്റ്റും ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ സെമിയില്‍ പ്രവേശിച്ചതോടെ സെമിലൈനപ്പ് പൂര്‍ത്തിയായി. ഫെബ്രുവരി ഒന്നിന് നടക്കുന്ന ആദ്യ സെമിയില്‍ ബുര്‍ക്കിനാഫാസോ ഈജിപ്റ്റിനെയും രണ്ടിന് രണ്ടാം സെമിയില്‍ കാമറൂണ്‍ കരുത്തരായ ഘാനയെയും നേരിടും.
ഞായറാഴ്ച നടന്ന മത്സരത്തില്‍ ഘാന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കോംഗോയെയും ഈജിപ്റ്റ് 1-0ന് മൊറാക്കോയെയും പരാജയപ്പെടുത്തിയാണ് അവസാന നാലില്‍ ഇടംനേടിയത്.
കോംഗോക്കെതിരായ മത്സരത്തില്‍ അയു സഹോദരന്മാരാണ് ഘാനക്കായി ഗോള്‍ നേടിയത്. ഗോള്‍രഹിതണമായ ആദ്യപകുതിക്കുശേഷം ജോര്‍ദാന്‍ അയു ഘാനയെ മുന്നിലെത്തിച്ചു. എന്നാല്‍ അഞ്ച് മിനിറ്റിനുശേഷം പോള്‍ ജോസ് പോകു കോംഗോക്കായി സമനിലഗോള്‍ കണ്ടെത്തി. പിന്നീട് 78-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ആന്ദ്രെ അയു ലക്ഷ്യം കണ്ടതോടെ ഘാന സെമിയിലേക്ക് കുതിച്ചു. തുടര്‍ച്ചയായ ആറാം തവണയാണ് ഘാന ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്നത്.
2010-ല്‍ ചാമ്പ്യന്മാരായശേഷം ആദ്യമായി കളിക്കാനെത്തിയാണ് ഈജിപ്റ്റ് സെമിയില്‍ പ്രവേശിച്ചത്. മൊറാക്കോക്കെതിരായ മത്സരത്തില്‍ 88-ാം മിനിറ്റില്‍ ഖരാബ എന്നറിയപ്പെടുന്ന മഹ്മൂദ് അബദല്‍ മൊനീയാണ് ഈജിപ്റ്റിന്റെ വിജയഗോള്‍ നേടിയത്.
കഴിഞ്ഞ ദിവസം ടുണീഷ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബുര്‍ക്കിനാഫാസോ സെമിയിലെത്തിയത്. സെനഗലിനെ 5-4ന് പരാജയപ്പെടുത്തിയാണ് കാമറൂണിന്റെ സെമിയിലേക്കുള്ള കുതിപ്പ്.
















