കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ സ്പോർടസ് മ്യൂസിയം കായിക പ്രേമികൾക്ക് സമർപ്പിച്ചു. കൊൽക്കത്തയിലെ രാജ്ർഹട്ടിലെ ന്യൂ ടൗണിലാണ് പുതിയതായി നിർമ്മിച്ച ഫനാറ്റിക് സ്പോർട്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി, ഒളിമ്പിക്സ്, പാരാലിമ്പിക്സ് തുടങ്ങി വിവിധ കായിക ഇനങ്ങളുടെയും മാമാങ്കങ്ങാളുടെയും ഓർമ്മകൾ നിറഞ്ഞതാണ് ഈ മ്യൂസിയം
ഇന്ത്യൻ ക്രിക്കറ്റിന്റെ കുലപതികളായ സച്ചിൻ തെൻഡൂൽക്കർ, സൗരവ് ഗാംഗുലി എന്നിവർ ചേർന്നാണ് ഈ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഒളിമ്പിക് മെഡൽ ജേതാക്കളായ അഭിനവ് ബിന്ദ്ര, ഷോട്ട് പുട്ട് താരം ദീപാ മാലിക്, ജാവലിൻ ത്രോ താരം ജജാരിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ക്രിക്കറ്റ് ചരിത്രകാരനായ ബോറിയ മജുദാരിന്റെ 25 വർഷത്തെ കളക്ഷനുകൾ ഈ മ്യൂസിയത്തിലുണ്ട്. ലോർഡ്സിലെ ബ്രാഡ്മാൻ മ്യൂസിയം ക്രിക്കറ്റിനു മാത്രമാണെങ്കിൽ കൊൽക്കത്തയിലെ ഫനാറ്റിക് മ്യൂസിയം എല്ലാ കായിക മേഖലകളിലെയും ചരിത്രത്തെ ഉൾപ്പെടുത്തിയിരിക്കുന്നുണ്ട്, ഏറെ അഭിമാനകരമാണിതെന്നും സച്ചിൻ ഉദ്ഘാടനത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
















