വാഷിങ്ടണ്‍: ഐഎസ് ഭീകരരെ തുരത്തുന്നതിന് വിപുലമായ തന്ത്രം ആവിഷ്‌ക്കരിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരുമാസത്തെ സമയം നല്‍കി.
ഭീകരര്‍ക്കെതിരേ അമേരിക്ക ശക്തമായ നടപടി സ്വീകരിക്കും.
ഐഎസിനു പുറമെ മറ്റ് ഭീകര ഗ്രൂപ്പുകളില്‍ നിന്നും അമേരിക്കയ്‌ക്ക് ഭീഷണിയുണ്ട്. ഈ സാഹചര്യത്തിലാണ് ഭീകരരെ നേരിടുന്നതിന് വിപുലമായ തന്ത്രം മെനയാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു.
ഐഎസ് ലോകത്തിനു തന്നെ ഭീഷണിയാണ്. അവര്‍ രാസായുധം നിര്‍മിക്കാനുളള തയ്യാറെടുപ്പിലാണ്. നമ്മുടെ പൗരന്മാരെ കൊന്നൊടുക്കുന്നു. സഖ്യ കക്ഷികളെയും അവര്‍ ആക്രമിക്കുന്നു. അതിനാല്‍ അവരെ നിര്‍മാര്‍ജനം ചെയ്യാന്‍ നിര്‍ണായക തീരുമാനം എടുക്കേണ്ടത് അനിവാര്യമാണെന്ന് ട്രംപ് വെളിപ്പെടുത്തി.
മധ്യപൂര്‍വ ഏഷ്യയില്‍ ആക്രമണങ്ങള്‍ നടത്തി അമേരിക്കന്‍ പൗരന്മാരെ കൊല്ലുന്നതിന് പിന്നില്‍ ഐഎസാണ്. ജെയിംസ് ഫോലി, സ്റ്റീവന്‍ സ്‌കോട്ട്‌ലോഫ്, പീറ്റര്‍ അബ്ദുള്‍ റഹ്മാന്‍ കസിംഗ് തുടങ്ങിയവരുടെ തലയറുത്തു. കായ്‌ല മുളളറുടെ മരണത്തിനു പിന്നിലും ഐസ്‌ഐസ് ആണ്.
അമേരിക്കയിലെ സന്‍ ബര്‍നാര്‍ഡിനോ, കാലിഫോര്‍ണിയ, ഓര്‍ലാന്‍ഡോ, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ അക്രമങ്ങള്‍ നടത്തിയതിന് പിന്നിലും ഐഎസ് ആണെന്ന് ട്രംപ് പറഞ്ഞു.
















