തിരുവനന്തപുരം: ഭാരതത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഒരൊറ്റ ദേശീയത ഇല്ലാത്തതിനാലാണെന്ന് സംബോധ് ഫൗണ്ടേഷന്‍ ആചാര്യന്‍ സ്വാമി ബോധാനന്ദ സരസ്വതി. ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിചാരസന്ധ്യയില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ബോധാനന്ദ സരസ്വതി. മറ്റ് രാഷ്‌ട്രങ്ങളില്‍ ദേശീയത എന്നത് ഒരൊറ്റ തത്വത്തില്‍ ഊന്നി നില്‍ക്കുന്നു. ഇന്ത്യക്ക് അടിസ്ഥാനപരമായി ഒരു സാംസ്‌ക്കാരികത ഉണ്ട്. എന്നാല്‍ വ്യത്യസ്ത സംസ്ഥാനങ്ങള്‍ വ്യത്യസ്ത സംസ്‌ക്കാരങ്ങള്‍. അതിനാല്‍ ദേശീയത അവരവരുടെ തത്വങ്ങളില്‍ മാത്രം ഊന്നി നില്‍ക്കുന്നു. ഒരൊറ്റ സങ്കല്‍പ്പം എന്നത് ഇതിന് വിഘാതമാകുന്നു. ഇതിന് മാറ്റം ഉണ്ടായാലേ ദേശിയത എന്ന തത്വം ഭാരത്തില്‍ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ സാധിക്കൂ. ഇന്ന് കാണുന്ന കണ്ടുപിടുത്തങ്ങളുടെ ഉറവിടം ഭാരതത്തിലാണെന്ന് പറയുന്നു. ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ ഇതിനെ സാധൂകരിക്കുന്നുണ്ട്. എന്നാല്‍ അതിനെ പ്രയോഗിക തലത്തില്‍ നമ്മള്‍ ഉപയോഗിക്കുന്നില്ല.
മാറുന്ന ഇന്ത്യയുടെ മുഖമാണ് നരേന്ദ്ര മോദി. അമേരിക്കന്‍ നയങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് മുന്നോട്ടു പോകുന്നത്. സാമ്രാജിത്വ രാഷ്‌ട്രങ്ങള്‍ അവരുടെ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചത് ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിച്ചാണ്. ശ്രീബുദ്ധന്റെ തത്വങ്ങളും ഗാന്ധിജിയുടെ അഹിംസയുമൊക്കെ ജനങ്ങളെ ഒന്നിച്ച് നിറുത്തുന്നതിന് ഉപകരിച്ചു. ഈ ആശയങ്ങള്‍ നമ്മുടെ സംസ്‌കൃതിയിലുള്ളതാണ്. അത് പരിപാലിക്കണം. ഭാരതം വിഘടിക്കുന്നതിനു മുമ്പത്തെ ചിത്രം എന്തെന്ന് നോക്കുക. അഖണ്ഡഭാരത സങ്കല്‍പ്പം. നമുക്ക് അന്യമായ സംസ്‌കൃതി വിഘടിച്ചുപോയ രാഷ്‌ട്രങ്ങളെ ഒന്നിച്ചു നോക്കിയാല്‍ വ്യക്തമാണെന്നും സ്വാമി ബോധാനന്ദ സരസ്വതി പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം ജില്ലാ അദ്ധ്യക്ഷന്‍ കെ.വി. രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിചാര കേന്ദ്രം റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ.മധൂസൂദനന്‍പിള്ള, അജിത് തുടങ്ങിയവര്‍ സംബന്ധിച്ചു.
















