തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ ഒഴിയില്ലെന്ന് അസന്നിഗ്ധ്യമായി പ്രഖ്യാപിച്ച് മാനേജ്‌മെന്റ് പ്രമേയം. പ്രിന്‍സിപ്പാള്‍ രാജിവയ്‌ക്കുന്ന പ്രശ്‌നമില്ലെന്നും എന്നാല്‍ ഉപാധിരഹിതചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും മാനേജ്‌മെന്റ്. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചക്ക് അഞ്ചംഗസമിതിയെയും നിയോഗിച്ചു. ലക്ഷ്മി നായരുടെ അച്ഛന്‍ ഡോ. നാരായണന്‍ നായര്‍, സഹോദരന്‍ നാഗരാജ് നാരായണന്‍, ട്രസ്റ്റ് അംഗങ്ങളായ അഡ്വ. കെ.അയ്യപ്പന്‍പിള്ള, ശ്രീനാരായണദാസ്, അഡ്വ. രഞ്ജിത്ത്കുമാര്‍ എന്നിവരടങ്ങുന്ന സമിതിയെയാണ് മാനേജ്‌മെന്റ് നിയോഗിച്ചത്.
ഇതിനിടെ തങ്ങള്‍ക്കനുകൂലമായി പൂര്‍വവിദ്യാര്‍ത്ഥികളുടെ പ്രമേയം പാസാക്കാനുള്ള മാനേജ്‌മെന്റ് നീക്കം പാളി. പൂര്‍വവിദ്യാര്‍ത്ഥിയോഗത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ പ്രിന്‍സിപ്പാള്‍ മാറിനില്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചു. വിദ്യാര്‍ത്ഥികളുമായി രമ്യമായി ചര്‍ച്ചചെയ്ത് പരിഹരിക്കാവുന്ന വിഷയം വഷളാക്കുകയാണുണ്ടായതെന്നും ആവശ്യം ഉയര്‍ന്നു. പിടിഎ ഇല്ലാത്ത കോളേജില്‍ പിടിഎ സംവിധാനം വേണമെന്നും രക്ഷാകര്‍ത്താക്കളുമായും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യമുയര്‍ന്നു.
















