ന്യൂദല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണകാരണം അവ്യക്തമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. സുനന്ദയുടെ മരണകാരണം അന്വേഷിച്ച പുതിയ വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിലും കൂടുതല്‍ വിവരങ്ങളില്ല. സുനന്ദയുടെ ഫോണ്‍ കോളുകളും ഫോണ്‍ സന്ദേശങ്ങളും കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സുനന്ദയുടെ മരണകാരണം സംബന്ധിച്ച് എയിംസിന്റെയും എഫ്ബിഐയുടേയും റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതിനാണ് വിദഗ്ധസംഘത്തെ ജൂണില്‍ ചുമതല ഏല്‍പ്പിച്ചത്. വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നായിരുന്നു സുനന്ദ പുഷ്‌ക്കറിന്റെ മരണമെന്നായിരുന്നു എയിംസിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
എന്നാല്‍ മരണകാരണമായ വിഷം ഏതെന്നു കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് അമേരിക്കയിലെ എഫ്ബിഐയുടെ ലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചത്. സുനന്ദയുടെ മരണം വിഷം അകത്തുചെന്നാകാമെന്ന സാധ്യത തള്ളിക്കളയാത്ത എഫ്ബിഐ റിപ്പോര്‍ട്ട്, റേഡിയോ ആക്ടീവ് കെമിക്കലുകളല്ല മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അന്വേഷണ സംഘം സുനന്ദയുടെ ഫോണ്‍ രേഖകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തെരാറുമായി സുനന്ദ ട്വിറ്ററിലൂടെ സന്ദേശങ്ങള്‍ കൈമാറിയിരുന്നു. മറ്റു ചില മാധ്യമ പ്രവര്‍ത്തകരുമായും തരൂരിന്റെ സുഹൃത്തുക്കളുമായും സുനന്ദ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സുനന്ദയുടെ ബ്ലാക്‌ബെറി ഫോണിലെ സന്ദേശങ്ങള്‍ ലഭിക്കുന്നതിന് അമേരിക്കന്‍ കോടതിയുടെ അനുമതി അന്വേഷണസംഘം നേടിയെടുത്തിട്ടുണ്ട്.
സന്ദേശങ്ങള്‍ നീക്കം ചെയ്ത നിലയിലായിരുന്നു സുനന്ദയുടെ ഫോണുകള്‍. ലാപ്‌ടോപ്പിന്റെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ലഭിക്കാനുണ്ട്. ഇതിലൂടെ കൂടുതല്‍ കൃത്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
സ്വന്തം ലേഖകന്‍
















