പാലക്കാട്: കഴിഞ്ഞ ഏഴുമാസത്തിനിടയില്‍ സംസ്ഥാനത്ത് നടന്ന സിപിഎം അക്രമങ്ങളെക്കുറിച്ച് ഉന്നതരടങ്ങുന്ന വിദഗ്ധ കുറ്റാന്വേഷണസംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ഇത്തരം അക്രമങ്ങള്‍ നടക്കില്ല. അതിനാല്‍ ജനാധിപത്യം സംരക്ഷിക്കാന്‍ ബഹുജനമുന്നേറ്റം അനിവാര്യമായിരിക്കുന്നു. ഇതിന്റെ ഭാഗമായി മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ 30ന് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ ബഹുജന സത്യഗ്രഹം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ഭരണത്തിന്‍ കീഴില്‍ മനുഷ്യാവകാശ ധ്വംസനവും പൗരാവകാശ നിഷേധവും വ്യാപകമായി. ജനാധിപത്യം സംരക്ഷിക്കാന്‍ ബഹുജനമുന്നേറ്റം അനിവാര്യമായിരിക്കുകയാണ്. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം തുടര്‍ന്നാല്‍ കേന്ദ്രത്തിന് ഇടപെടേണ്ട സാഹചര്യമുണ്ടാവുമെന്ന് കുമ്മനം മുന്നറിയിപ്പു നല്‍കി. ആഭ്യന്തരവകുപ്പ് ഇക്കാര്യം പരിശോധിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെയും മുന്‍മുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളിലാണ് വ്യാപകമായ അക്രമം നടക്കുന്നത്. ഇതിനെ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. ഇവ ഒറ്റപ്പെട്ടതോ യാദൃശ്ചികമോ ആണെന്ന് പറയാന്‍ കഴിയില്ല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സംസാരിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പൈശാചികമായ ഈ പ്രവര്‍ത്തിയെ പോലീസും ലാഘവത്തോടെയാണ് കാണുന്നത്. ജില്ലാഭരണകൂടവും മൗനം പാലിക്കുന്നു. സമാധാനം പുനസ്ഥാപിക്കാന്‍ ഇവര്‍ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിന് അടിമപ്പെടുകയാണോ എന്നും സംശയമുണ്ട്.
സിപിഎമ്മുകാരല്ലാത്തവര്‍ക്ക് ജീവിക്കാന്‍ സാധ്യമല്ലാത്ത അവസ്ഥ കേരളത്തില്‍ ഉണ്ടായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അക്രമത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതിന് ഫെബ്രുവരി ഒന്നു മുതല്‍ 10 വരെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് സഹായനിധി സ്വരൂപിക്കും.
ജനകീയ പ്രശ്‌നങ്ങള്‍ചര്‍ച്ചയ്‌ക്ക് വരാതിരിക്കാനാണ് സര്‍ക്കാര്‍ അക്രമം അഴിച്ചുവിടുന്നതെന്നും അദ്ദേഹംചൂണ്ടിക്കാട്ടി. ലോ അക്കാദമിയില്‍ നടക്കുന്ന സമരത്തിന് പാര്‍ട്ടിയുടെ മുഴുവന്‍ പിന്തുണയുമുണ്ട്. പ്രശ്‌നം രാഷ്‌ട്രീയവത്ക്കരിക്കരുതെന്ന കോടിയേരിയുടെ പ്രസ്താവനെയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് കാനത്തിനോടും വിഎസിനോടും പറഞ്ഞാല്‍ മതിയെന്നായിരുന്നു മറുപടി.
സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്‍, സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്, ജന.സെക്രട്ടറി കെ.ജി.പ്രദീപ് കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















