പീരുമേട്: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ മറവില്‍ ത്രിതല പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് കുളങ്ങള്‍ നിര്‍മ്മിച്ചതില്‍ വന്‍ അഴിമതി. ഗുണഭോക്താക്കള്‍ ഇല്ലാത്ത മേഖലകളില്‍ സ്വകാര്യ തോട്ടം ഉടമകള്‍ക്ക് അവരുടെ കൃഷിഭൂമിയില്‍ ജലസേചനം നടത്തുന്നതിനായാണ് കുളങ്ങള്‍ പ്രധാനമായും നിര്‍മ്മിച്ചിരിക്കുന്നത്. മഞ്ചുമലയിലെ സ്വകാര്യ തോട്ടത്തില്‍ ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപ മുടക്കി കുളം നിര്‍മ്മിച്ച് നല്‍കിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു.
ഇതിന് സമീപ പ്രദേശങ്ങളില്‍ ഒന്നും തന്നെ ഗുണഭോക്താക്കളായിട്ട് ആരും തന്നെ ഇല്ല. ഇഞ്ചിക്കാട് മാരിയമ്മന്‍ കോവിലിന് സമീപം ഇത്തരത്തില്‍ കുളം നിര്‍മ്മിച്ച് നല്‍കിയത് ചുറ്റും സ്വകാര്യ തോട്ടം ഉടമ മുള്ളുവേലി കെട്ടി. ഇക്കാരണത്താല്‍ നാട്ടുകാര്‍ക്ക് അവിടെ പ്രവേശിക്കാന്‍ സാധിക്കുന്നില്ല. ഡൈമുക്കില്‍ ഏലത്തോട്ടമുടമയ്‌ക്ക് വേണ്ടി മൂന്ന് ലക്ഷം രൂപ മുടക്കി ചെക്ക് ഡാം നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.
വണ്ടിപ്പെരിയാറിന് സമീപമുള്ള വിവിധ സ്വകാര്യ തോട്ടങ്ങളായ വാളാഡി, ഡൈമുക്ക്, മൂങ്കലാര്‍, ചുരക്കുളം സിഎച്ച്‌സി, നെല്ലിമല തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ കുളങ്ങള്‍ വിവിധ കാലയളവുകളിലായി നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. തോട്ടം ഉടമകളുമായി ധാരണയുണ്ടാക്കി ഇവരില്‍ നിന്നും ഒരു തുക ഈടാക്കിക്കൊണ്ടാണ് ജനപ്രതിനിധികള്‍ ഇതിനായി ഫണ്ട് ചെലവാക്കുന്നത്. ഇവിടെ പഴയ കുളങ്ങള്‍ പുതുക്കി പണിതും അഴിമതി നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ നിര്‍മ്മിച്ച ഒരു കുളത്തിന്റെ കേസ് വിജിലന്‍സ് അന്വേഷണം നടത്തിവരികയാണ്. തോട്ടം മേഖലകളിലെ ജനങ്ങള്‍ കാലാകാലങ്ങളായി കുടിവെള്ളത്തിന് ബുദ്ധിമുട്ടുമ്പോഴും സ്വകാര്യ തോട്ടം ഉടമകള്‍ക്കായി ലക്ഷങ്ങള്‍ മുടക്കുന്നു. ഗുണഭോക്താക്കള്‍ ഇല്ലാതെ നിര്‍മ്മിച്ച കുളങ്ങളുടെ നിര്‍മ്മാണം വിജിലന്‍സ് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഇവിടങ്ങളില്‍ സ്ഥാപിച്ച പമ്പുഹൗസുകളില്‍ ഒന്നും തന്നെ മോട്ടോറുകളുമില്ല.
















