ന്യൂദല്‍ഹി: സൈനികരുടെ ബുദ്ധിമുട്ടുകള്‍ അറിയിക്കാന്‍ വാട്സ് ആപ്പ് സംവിധാനവുമായി സൈന്യം. കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് ആണ് സൈനികര്‍ക്ക് പരാതികള്‍ അറിയിക്കാന്‍ വാട്സ്ആപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക വാട്സ്ആപ്പ് നമ്പരും ഏര്‍പ്പെടുത്തി.പരാതികള്‍ +91 9643300008 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്.
സമൂഹമാധ്യമങ്ങള്‍ വഴി സൈനികരും അര്‍ധസൈനികരും പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയതോടെയാണ് പുതിയ നടപടിയുമായി സൈന്യം രംഗത്തെത്തിയത്. സൈനികരുടെ പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണുകയും പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. സംവിധാനം സൈനികര്‍ക്കും പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍.
ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സൈനികര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കരസേനാ മേധാവി മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംവിധാനം ഒരുക്കിയത്.
സൈനികര്‍ക്കു പരാതിയുണ്ടെങ്കില്‍ അത് മേലധികാരികളുടെ ശ്രദ്ധയില്‍പെടുത്താനും പരിഹാരം തേടാനും വ്യക്തമായ മാര്‍ഗങ്ങളുണ്ട്. അങ്ങനെ തീരുന്നില്ലെങ്കില്‍ തന്നെ നേരിട്ടു സമീപിക്കാം. അല്ലാതെ സമൂഹമാധ്യമങ്ങളില്‍ അതു ചര്‍ച്ചയാക്കുന്നത് അതിര്‍ത്തി കാക്കുന്ന ധീരജവാന്മാരുടെ ആത്മവീര്യം കെടുത്തുന്ന നടപടിയാണെന്നായിരുന്നു കരസേനാമേധാവി പറഞ്ഞത്.
















