കോട്ടയം: ഇല്ലിക്കല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎമ്മിന്റെ വധശ്രമം. വ്യാഴാഴ്ച രാത്രിയില്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു സംഭവം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചെങ്ങളം അറുപറ മാടപ്പത്തറ വീട്ടില്‍ ബാബുവിന്റെ മകന് സന്ദീപ്(26), പുത്തേട്ട് വീട്ടില്‍ അച്ചു എന്ന് വിളിക്കുന്ന അനിരുദ്ധന് (19)എന്നിവരെയാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കവലയിലൂടെ ബൈക്കില്‍ കടന്നുപോയ യുവാക്കളെ വാഹനം തടഞ്ഞുനിര്‍ത്തിയാണ് ഒരുസംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അക്രമിച്ചത്.ആര്‍എസ്എസ് ശാഖകഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുകയായിരുന്ന യുവാക്കളെ കാറിലും ബൈക്കുകളിലുമായി അക്രമിസംഘം പിന്തുടര്ന്ന് വരുകയായിരുന്നു. പെട്രോള്‍ പമ്പിന് സമീപമെത്തിയപ്പോള്‍ അക്രമികള്‍ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കിനെ മറികടന്ന് കുറുകെ നിര്‍ത്തി മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു. സമീപമുള്ള സിപിഎം ആഫീസില്‍നിന്ന് ഈ സമയം കൂടുതല്‍ ആളുകള്‍ എത്തിച്ചേര്‍ന്നു. കമ്പിവടി, ഇടിക്കട്ട, തുടങ്ങിയ മാരകായുധങ്ങളുുമായി ഇവര്‍ യുവാക്കളെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. കമ്പിവടിക്ക് അടിയേറ്റ സന്ദീപിന്റെ തലയോട് പൊട്ടുകയും ശരീരത്തും കണ്ണിനും മുറിവേല്‍ക്കുകയും ചെയ്തു. ‘നീയൊക്കെ ഇവിടെ ആര്‍എസ്എസ് തുടങ്ങുമോ’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. അടികൊണ്ട് സന്ദീപും അനിരുദ്ധനും താഴെവീണിട്ടും മര്‍ദ്ദനം തുടര്‍ന്നു. സംഭവംകണ്ട് സമീപത്തെ വീടുകളില്‍നിന്നും സ്ത്രീകളടക്കമുള്ളവര്‍ വാവിട്ട് നിലവിളിച്ചുകൊണ്ട് ഓടിക്കൂടി തടസ്സം പിടിക്കാന്‍ ശ്രമിച്ചപ്പോളാണ് അക്രമികള്‍ മര്‍ദ്ദനം അവസാനിപ്പിച്ചത്. അക്രമം നടക്കുമ്പോള്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്. സി.തോമസ് കാറിലെത്തുകയും പ്രദേശവാസികളുടെ പ്രതിഷേധത്തെതുടര്‍ന്ന് ഇയാള്‍ കാറില്‍ കയറിസ്ഥലം വിടുകയും ചെയ്തു.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗവും മുന്‍പഞ്ചായത്തംഗവുമായ അജയ്, നിബു, അജു, നിധിന്.കെ.ഷിജു, പ്രവീണ്‍, നിസാം തുടങ്ങിയ പന്ത്രണ്ടോളം പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. ഇവര്‍ പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് അക്രമം ആസൂത്രണം ചെയ്യുകയായിരുന്നു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഈ സമയം പാര്‍ട്ടി ഓഫീസില്‍ ഉണ്ടായിരുന്നു. അക്രമത്തിന് ശേഷം സന്ദീപിന്റെ ബൈക്കും ഇവര്‍ തകര്‍ത്തു. സംഭവത്തെതുടര്‍ന്ന് ഓടിക്കൂടിയ ജനങ്ങളുടെ ഇടയിലേക്ക് ജയ്ക്ക്.സി.തോമസ് കാര്‍ ഇടിച്ച് കയറ്റിയതിനെ തുടര്‍ന്ന് നാട്ടുകാരായ 2പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുന്നുവെന്നുമാണ് കുമരകം പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: