ന്യൂദല്‍ഹി: ഏലക്കൃഷിക്ക് അനുവദിച്ച ഭൂമിയില്‍ റിസോര്‍ട്ടുകള്‍ നിര്മ്മിച്ചതെങ്ങനെയന്ന് സുപ്രീംകോടതിയുടെ ചോദ്യം. എന്താവശ്യത്തിനാണോ ഭൂമി അനുവദിച്ചത്, അതിനല്ല ഭൂമി ഉപയോഗിച്ചതെന്ന് ജസ്റ്റിസ് പി.സി. ഘോഷ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മൂന്നാര്‍ ഭൂമി കൈയേറ്റക്കേസിലാണ് റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ സുപ്രീംകോടതിയുടെ പരാമര്‍ശം. മൂന്നാറിലെ പട്ടയ വിതരണം ഉള്‍പ്പെടെയുള്ള നടപടികളെ കോടതി പരാമര്‍ശം വിപരീതമായി ബാധിക്കും.
ഫോട്ടോ കോപ്പി നോക്കി ഭൂമിയുടെ ഉടമസ്ഥാവകാശം പതിച്ചു നല്കിയ കേരള ഹൈക്കോടതി വിധി പരിശോധിക്കപ്പെടേണ്ടതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മൂന്നാര്‍ ദൗത്യസംഘത്തിന്റെ കൈയേറ്റം ഒഴിപ്പിക്കല്‍ തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഗൗരവതരമായ പരാമര്‍ശം.
ചിന്നക്കനാലിലെ ക്ലൗഡ് നയന്‍, പള്ളിവാസലിലെ മൂന്നാര്‍ വുഡ്സ് എന്നീ റിസോര്‍ട്ടുകളുമായി ബന്ധപ്പെട്ട കേസിലാണ് നിരീക്ഷണം. സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മൂന്നാര്‍ ദൗത്യസംഘത്തിന്റെ ഒഴിപ്പിക്കല്‍ നടപടികള്‍ തടഞ്ഞ ഹൈക്കോടതി വിധി പരിശോധിക്കുമെന്ന സുപ്രീംകോടതി പരാമര്‍ശം സര്‍ക്കാരിന് ആശ്വാസകരമാണ്.
ദൗത്യസംഘം ഏറ്റെടുത്ത ക്ലൗഡ് 9, മൂന്നാര്‍ വുഡ്സ്, അബാദ് എന്നീ റിസോര്‍ട്ടുകളുടെ ഭൂമി തിരിച്ചു നല്‍കാനും റിസോര്‍ട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമായിരുന്നു ഹൈക്കോടതി വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: