കണ്ണൂര്‍: ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളും എല്ലാ അധികാരങ്ങളും അന്തസ്സും ഉയര്‍ത്തിപ്പിടിച്ച് യൂനിയന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ സമ്പ്രദായമാണ് നമ്മുടെ രാജ്യത്തേതെന്നും ഇതിനേല്‍ക്കുന്ന ഏതുതരം പോറലും രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാര റിപ്പബ്ലിക്കെന്ന സങ്കല്‍പ്പത്തിനും വലിയ മങ്ങലേല്‍പ്പിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് അഭിപ്രായപ്പെട്ടു. അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം റിപ്പബ്ലിക്ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
പോലീസ്, ജയില്‍, എക്സൈസ്, ഫയര്‍ ആന്റ് റെസ്ക്യൂ, ഫോറസ്റ്റ്, എന്‍.സി.സി, സ്കൗട്ട്സ് & ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് എന്നീ വിഭാഗങ്ങളില്‍ നിന്നായി 39 പ്ലറ്റൂണുകളാണ് പരേഡില്‍ അണിനിരന്നത്. പരേഡിന് ജില്ലാ ആംഡ് റിസേര്‍വിലെ പോലിസ് ഇന്‍സ്പെക്ടര്‍ കെ.ദാമോദരന്‍ നേതൃത്വം നല്കി. സുബേദാര്‍ മേജര്‍ ജുനു സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഎസ്സിയുടെയും നമിത രാജി നേതൃത്വം നല്കിയ ആര്‍മി പബ്ലിക് സ്കൂളിന്റെയും ബാന്റ് സംഘങ്ങളും പരേഡില്‍ അണിനിരന്നു.
മികച്ച പ്ലാറ്റൂണിനുള്ള ജില്ലാ കലക്ടറുടെ റോളിംഗ് ട്രോഫിക്ക് സര്‍വീസ് വിഭാഗത്തില്‍ കെ.എ.പി നാലാം ബറ്റാലിയനും വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ തോട്ടട ഗവ. പോളിടെക്നിക്കും അര്‍ഹരായി. മികച്ച പരേഡ് ട്രൂപ്പുകളായി കെ.എ.പി നാലാം ബറ്റാലിയന് (സര്‍വീസ് വിഭാഗം), ഗവ. പോളി ടെക്നിക്ക്, കണ്ണൂര്‍ (എന്‍.സി.സി സീനിയര്‍), എച്ച്.എസ്.എസ് കൂടാളി (എന്‍.സി.സി ജൂനിയര്‍), മമ്പറം എച്ച്.എസ്.എസ് (സ്റ്റുഡന്റ് പോലിസ്), കടമ്പൂര് എച്ച്.എസ്.എസ് (സ്കൗട്ട്), എസ്.എന്‍ ട്രസ്റ്റ്, തോട്ടട (ഗൈഡ്സ്), സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ എച്ച്.എസ്.എസ് (ജൂനിയര്‍ റെഡ്ക്രോസ് ബോയ്സ്), സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്.എസ്.എസ് (ജൂനിയര്‍ റെഡ്ക്രോസ് ഗേള്‍സ്) എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. പരേഡില്‍ വിവിധ വകപ്പുകള്‍ അവതരിപ്പിച്ച നിശ്ചല ദൃശ്യങ്ങളില്‍ റവന്യൂ, ജില്ലാ മെഡിക്കല്‍ ഓഫീസ്, നെഹ്റു യുവകേന്ദ്ര എന്നിവ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി.
കഴിഞ്ഞ വര്‍ഷത്തില്‍ ജനോപകാരപ്രദമായ നൂതന പദ്ധതികള്‍ നടപ്പാക്കിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. ജില്ലാ ശുചിത്വമിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സുരേഷ് കസ്തൂരി, ഇ-ഗവേണന്‍സ് സൊസൈറ്റി ജില്ലാ പ്രൊജക്ട് മാനേജര്‍ മിഥുന് കൃഷ്ണ സി.എം, മലബാര്‍ കാന്‍സര്‍ സെന്റര്‍ ലക്ചറര്‍ ഡോ.സൈന സുനില്‍കുമാര്‍ എന്നിവരാണ് അവാര്‍ഡിനര്‍ഹരായത്.
പോലിസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഇ.പി.ലത, പി.കെ.ശ്രീമതി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പോലിസ് സൂപ്രണ്ട് കെ.പി.ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, കൗണ്‍സിലര്‍ ലിഷ ദീപക്, അസിസ്റ്റന്റ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, എഡിഎം ഇ.മുഹമ്മദ് യൂസുഫ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലിയായിരുന്നു റിപ്പബ്ലിക്ദിന പരേഡ് കാണാനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: