ലക്‌നൗ: ക്രിമിനലായ മുക്താര്‍ അന്‍സാരിയുടെ സ്ഥാനാര്‍ഥിത്വത്തെ യുപി മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി ന്യായീകരിച്ചു. മറ്റു പാര്‍ട്ടികളില്‍ അന്‍സാരിയെക്കാള്‍ വലിയ ഗുണ്ടകളാണുള്ളതെന്ന് മായാവതി പറഞ്ഞു.
അന്‍സാരിക്ക് വഴി തെറ്റി. അയാള്‍ക്ക് സഹായം ആവശ്യമാണ്. അതുകൊണ്ടാണ് സഹായിക്കാന്‍ തീരുമാനിച്ചത്, മായാവതിയുടെ വിശദീകരണം ഇങ്ങനെ പോകുന്നു. നിലവില്‍ നിയമസഭാംഗമായ അന്‍സാരി, പൂര്‍വ യുപിയിലെ മാവു സീറ്റില്‍ നിന്നാണ് ജനവിധി തേടുന്നത്. അന്‍സാരിയുടെ മകനും സഹോദരനും മത്സരരംഗത്തുണ്ട്. മകന്‍ അബ്ബാസ് ഘോസിയില്‍ നിന്നും സഹോദരന്‍ സിബാഗത്തുള്ള മുഹമ്മദാബാദില്‍ നിന്നും മത്സരിക്കും.
അന്‍സാരിയുടെ പാര്‍ട്ടിയായ ക്വാമി എകത ദള്‍ (ക്യൂ.ഇ.ഡി) കഴിഞ്ഞ വര്‍ഷം ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയില്‍ ലയിക്കേണ്ടതായിരുന്നു. മുലായം സിങ് അന്‍സാരിയെ പാര്‍ട്ടിയിലെടുക്കാന്‍ അനുമതി നല്‍കി. എന്നാല്‍, അഖിലേഷ് യാദവ് എതിര്‍ത്തു.
















