വാഷിങ്ങ്ടണ്‍: ബര്‍മീസ് പെരുമ്പാമ്പുകളെക്കൊണ്ട് പൊറുതി മുട്ടിയ ഫ്‌ളോറിഡ അവയെ പിടിക്കാനും അവയെ പിടിക്കുന്നത് പഠിപ്പിക്കാനും രണ്ട് ഇന്ത്യാക്കാരെ നിയമിച്ചു. തമിഴ്‌നാട്ടിലെ ഇരുള വനവാസികളായ മാസി സദൈയ്യന്‍, വടിവേല്‍ ഗോപാല്‍ എന്നിവരെയാണ് അമേരിക്കന്‍ സംസ്ഥാനം പ്രത്യേകമായി ക്ഷണിച്ച്‌വരുത്തിയത്.
എട്ടു ദിവസം കൊണ്ട് ഇവര്‍ 16 അടി നീളമുള്ള പെണ്‍പാമ്പ് അടക്കം 13 പെരുമ്പാമ്പുകളെ പിടിച്ചുകഴിഞ്ഞു. തമിഴ്‌നാട്ടിലെ മികച്ച പാമ്പുപിടുത്തക്കാരാണ് ഇവര്‍.
പെരുമ്പാമ്പു കാരണം ഫ്‌ളോറിഡയിലെ ചെറുസസ്തനികളുടെ കുറ്റിയറ്റുപോകുകയാണ്.ഇവ ആഹാരമാക്കുന്നതിനെത്തുടര്‍ന്ന് ചില ചെറിയ ജീവികള്‍ക്ക് വംശനാശം തന്നെ സംഭവിച്ചുകഴിഞ്ഞു.
പാമ്പുകളെ കണ്ടെത്തുന്ന നായ്‌ക്കളുടെ സഹായത്തോടെ ഇവയെ പിടിച്ച് അധികൃതരെ ഏല്‍പ്പിക്കുകയാണ് ഇവരുടെ’ ജോലി. ഇവര്‍ക്ക് രണ്ടു ഭാഷാ സഹായികളെയും നല്‍കിയിട്ടുണ്ട്.
ഏതാനും ഫ്‌ളോറിഡക്കാരെ പാമ്പു പിടിത്തം പഠിപ്പിക്കേണ്ടതുമുണ്ട്. ഫ്‌ളോറിഡ വൈല്‍ഡ് ലൈല്‍ഫ് കമ്മീഷനും ഫ്‌ളോറിഡ സര്‍വ്വകലാശാലയിലെ ഭക്ഷ്യ കാര്‍ഷിക ശാസ്ത്ര വിഭാഗവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കമ്മീഷനിലെ കിര്‍സ്റ്റന്‍ സോമേഴ്‌സ് പറഞ്ഞു.
















