പത്തനംതിട്ട: നരേന്ദ്രമോദിയെ മറയാക്കി പിണറായിക്ക് വിഎസ്സിന്റെ പരിഹാസം.എല്ലാം ശരിയാക്കിത്തരാമെന്ന് പറഞ്ഞിട്ട് ഒന്നും ശരിയാക്കിയില്ലെന്ന് ഭരണപരിഷ്‌ക്കാര ചെയർമാൻ വി.എസ്.അച്യുതാനന്ദൻ. പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജനകീയവിചാരണചെയ്യാൻ എത്തിയതായിരുന്നു വിഎസ്.
നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദിക്കെതിരെയായിരുന്നു പ്രസംഗമെങ്കിലും അധികാരത്തിലെത്തിയാൽ എല്ലാം ശരിയാക്കിത്തരാമെന്ന പിണറായി സർക്കാരിന്റെ വാഗ്ദാനമായിരുന്നു കേൾവിക്കാരുടെ സ്മരണയിലെത്തിയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം സർക്കാരിൽ നിന്ന് വിഎസിനുണ്ടായ അവഗണനയും അതിൽ അദ്ദേഹം പ്രകടിപ്പിച്ച നീരസവുമെല്ലാം ആവർത്തിച്ചാവർത്തിച്ച് എല്ലാം ശരിയാക്കിത്തരാം ശരിയാക്കിത്തരാം എന്ന വാക്കുകളിലൂടെ കേൾവിക്കാരെ ഓർമ്മിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിഎസ് നടത്തിയ പരിഹാസങ്ങൾ പലതും പിണറായി വിജയനിലേക്കും വിരൽചൂണ്ടുന്നതായി.
പിണറായി വിജയൻ ഏകാധിപതിയെപ്പോലെ പെരുമാറുന്നു എന്ന ആക്ഷേപം സിപിഎമ്മിനുള്ളിലും ഘടകകക്ഷികൾക്കുള്ളിലും ഉയരുന്ന സമയത്ത് നരേന്ദ്രമോദിയുടെ അക്കൗണ്ടിൽ ഏകാധിപത്യ പ്രവണതയെ വിമർശിക്കാനും വിഎസ് തയ്യാറായി. താനില്ലാത്ത നാസി പാർട്ടി ഒന്നും അല്ലാ എന്നാണ് ഹിറ്റ്‌ലർ പറഞ്ഞിരുന്നതെന്നും, ആയിരം വർഷം തന്റെ സാമ്രാജ്യം നിലനിൽക്കുമെന്ന് വീമ്പിളക്കിയ ഹിറ്റലറുടെ സാമ്രാജ്യത്തിന് 12 വർഷമേ ആയുസ്സുണ്ടായിരുന്നുള്ളൂ എന്ന് ഓർക്കണമെന്നും വിഎസ് ഓർമ്മിപ്പച്ചു.
എഴുതിതയ്യാറാക്കിയ പ്രസംഗമായതിനാൽ എന്തൊക്കെപറയണമെന്ന് നേരത്തെ തന്നെ തയാറായി വന്നതാണെന്നും എൽഡിഎഫിന്റെ മുദ്രാവാക്യവും പിണറായി വിജയനെതിരെ ഉയരുന്ന ആക്ഷേപവും ഭംഗ്യന്തരേണ സൂചിപ്പിച്ചത് ബോധവൂർവ്വമാണെന്നും പറയപ്പെടുന്നു.
















