പള്ളുരുത്തി: തോപ്പുംപടി സാന്തോം കോളനിയില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യ വില്‍പ്പന ശാല സ്ഥാപിച്ച നടപടിയില്‍ നാട്ടുകാര്‍ രാപകല്‍ പ്രതിഷേധവുമായി രംഗത്ത്. ജനവാസ കേന്ദ്രമായ ഇവിടെ മദ്യ വില്‍പ്പന ശാല സ്ഥാപിച്ച നടപടിക്കെതിരെ സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
കരുവേലിപ്പടി പോളക്കണ്ടം മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിച്ചിരുന്ന മദ്യ വില്‍പ്പന ശാലയാണ് ഇങ്ങോട്ട് മാറ്റി സ്ഥാപിച്ചത്.സാന്തോം കോളനിയുടെ മുന്‍ വശത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് മദ്യ വില്‍പ്പന ശാല പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ കുട്ടികളുമടക്കം സാധാരണക്കാര്‍ തിങ്ങി താമസിക്കുന്ന ഇവിടെ മദ്യ വില്‍പ്പനശാല വരുന്നത് കടുത്ത അരക്ഷിതാവസ്ഥക്ക് ഇടയാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മറ്റിടങ്ങളില്‍ നിന്നുള്ളവരും ഇവിടെ മദ്യം വാങ്ങാന്‍ വരുന്നതോടെ അത് വലിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും.
നേരത്തേ ഈ മദ്യ വില്‍പ്പന ശാല പ്രവര്‍ത്തിച്ചിരുന്നത് റോഡ് സൈഡിലായിരുന്നു. ഇത് വാണിജ്യ മേഖലയാണ്. ഇവിടെ നിന്ന് ഇത് മാറ്റിയാണ് ജനവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇന്നലെ വൈകിട്ട് മദ്യ കുപ്പികളുമായി വാഹനങ്ങള്‍ എത്തിയതോടെയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പ്രതിഷേധവുമായി എത്തിയത്. മദ്യ കുപ്പികള്‍ കെട്ടിടത്തിലേക്ക് കയറ്റിയെങ്കിലും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. മദ്യം വാങ്ങാന്‍ വന്നവരേയും നാട്ടുകാര്‍ തിരിച്ചയച്ചു.
തോപ്പുംപടി എസ്ഐ.സി.ബിനുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സ്ത്രീകള്‍ കെട്ടിടത്തിന് മുന്നില്‍ പായ വിരിച്ച് ഇരിക്കുകയാണ്. രാത്രി വൈകിയും നാട്ടുകാര്‍ പ്രതിഷേധം തുടര്‍ന്നു. ജനവാസ മേഖലയില്‍ ഒരു കാരണവശാലും മദ്യ വില്‍പ്പന ശാല അനുവദിക്കില്ലന്ന് കൗണ്‍സിലര്‍ കെ.ജെ.പ്രകാശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: