ന്യൂദല്‍ഹി: മുസ്ലീം സമൂഹത്തിനിടയില്‍ നിലവിലുളള മുത്തലാഖിന് ഏകീകൃത സ്വഭാവമില്ലെന്നും ഇതിന് ഇസ്ലാമിക നിയമവുമായി ബന്ധമില്ലെന്നും നിയമ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ബി.എസ്. ചൗഹാന്. വിഷയത്തില്‍ കേരള ഹൈക്കോടതി നല്കിയ നിര്‍ദേശങ്ങള്‍ കൂടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുത്തലാഖിന്റെയും ബഹുഭാര്യാത്വത്തിന്റെയും നിയമസാധുത പരിശോധിക്കാന്‍ സുപ്രീംകോടതിയും തീരുമാനിച്ചിട്ടുണ്ട്. നിരവധി വനിതാ സംഘടനകള്‍ ഇത്തരം ആചാരങ്ങള്‍ക്കെതിരെ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് ഈ തീരൂമാനം.
മുസ്ലീം വ്യക്തിനിയമത്തിന്റെ രണ്ടാം വകുപ്പ് ഇല്ലാതാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ഇത് ഭരണഘടനാവിരുദ്ധമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ പതിനാലാം അനുച്ഛേദം ഉറപ്പ് നല്കുന്ന മൗലികാവകാശത്തെ ഇത് ഹനിക്കുന്നു.
പാക്കിസ്ഥാനും തുര്‍ക്കിയും അടക്കമുളള പതിനെട്ട് ഇസ്ലാമിക രാജ്യങ്ങള്‍ മുത്തലാഖ് നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ മുത്തലാഖിനെതിരെ കോടതിയെ സമീപിക്കാനാകുമെന്നും ചൗഹാന് ചൂണ്ടിക്കാട്ടുന്നു. പൊതുനിയമം പരിഗണിക്കുന്ന സമിതിയും ഇക്കാര്യങ്ങള്‍ പരിശോധിക്കും. പൊതുനിയമത്തിലെ സുപ്രധാന വിഷയമാണ് മുത്തലാക്ക്.
മുസ്ലീം വ്യക്തിനിയമ ബോര്‍ഡിനോടും രാഷ്ട്രീയ പാര്‍ട്ടികളോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനകം 40,000 പ്രതികരണങ്ങള്‍ ലഭിച്ച് കഴിഞ്ഞു. ഇവ പരിശോധിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: