മെല്‍ബണ്‍: അമേരിക്കയുടെ സെറീന വില്ല്യംസ്, ബ്രിട്ടന്റെ ജോഹന്ന കോണ്ട, ക്രൊയേഷ്യയുടെ മിര്‍ജാന ലൂസിക്ക് ബറോണി, ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവ എന്നിവര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍. പുരുഷ വിഭാഗത്തില്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍, കാനഡയുടെ മിലോസ് റാവോനിക്ക്, ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവ്, ബെല്‍ജിയം താരം ഡേവിഡ് ഗോഫിന് എന്നിവരും അവസാന എട്ടില്‍ ഇടംപിടിച്ചു.
വനിതാ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ താരം സെറീന 16-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്ട്രൈക്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. സ്കോര്‍: 7-5, 6-4. അഞ്ചാം സീഡ് കരോലിന പ്ലിസ്കോവ 6-3, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് ആതിഥേയതാരം ഡാരിയ ഗാവ്റിലോവയെയും പരാജയപ്പെടുത്തി.
ഒമ്പതാം സീഡ് ജോഹന്ന കോണ്ട 30-ാം സീഡ് റഷ്യയുടെ ഏകത്റീന മക്രോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി അവസാന എട്ടില്‍ ഇടംപിടിച്ചു. ഏകപക്ഷീയമായ മത്സരത്തില്‍ 6-1, 6-4 എന്ന സ്കോറിനായിരുന്നു ജോഹന്നയുടെ വിജയം. അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ 6-4, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് മിര്‍ജാന ലൂസിക്ക് ബറോണി ക്വാര്‍ട്ടറിലെത്തിയത്. 1999-ല്‍ വിംബിള്‍ഡണ്‍ സെമിയിലെത്തിയശേഷം ആദ്യമായാണ് മിര്‍ജാന ഒരു ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റിന്റെ സിംഗിള്‍സ് ക്വാര്‍ട്ടറിലെത്തുന്നത്.
പുരുഷ സിംഗിള്‍സില്‍ മൂന്നാം സീഡ് മിലോസ് റാവോനിക്ക് നാല് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവില്‍ 13-ാം സീഡ് സ്പാനിഷ് താരം റോബര്‍ട്ടോ ബാറ്റിയുസ്റ്റ അഗസ്റ്റിനെ പരാജയപ്പെടുത്തി. സ്കോര്‍: 7-6 (8-6), 3-6, 6-4, 6-1. ഒമ്പതാം സീഡ് റാഫേല്‍ നദാല്‍ ഒമ്പതാം സീഡ് ഫ്രാന്‍സിന്റെ ഗെയ്ല് മോണ്‍ഫില്‍സിനെ പരാജയപ്പെടുത്തി അവസാന എട്ടില്‍ ഇടംപിടിച്ചു. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു നദാലിന്റെ വിജയം. സ്കോര്‍: 6-3, 6-3, 4-6, 6-4. ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി റാവോനിക്ക്.
11-ാം സീഡ് ഡേവിഡ് ഗൊഫിനും അവസാന എട്ടിലെത്തി. ഏട്ടാം റാങ്കുകാരനായ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ അട്ടിമറിച്ചാണ് ഗൊഫിന്‍ ക്വാര്‍ട്ടറിലെത്തിയത്. മത്സരം നാലു സെറ്റു നീണ്ടു നിന്നു. സ്കോര്‍: 5-7, 7-6, 6-2, 6-2. രണ്ടാം റൗണ്ടില്‍ നൊവാക് ദ്യോക്കോവിച്ചിനെ അട്ടിമറിച്ച് കുതിച്ച ഡെനിസ് ഇസ്റ്റോമിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തി 15-ാം സീഡ് ഗ്രിഗര്‍ ദിമിത്രോവും അവസാന എട്ടില്‍ ഇടംപിടിച്ചു. സ്കോര്‍: 2-6, 7-6 (7-2), 6-2, 6-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: