ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ ചെല്‍സിയുടെ വിജയക്കുതിപ്പ് തുടരുന്നു. ലീഗില്‍ തങ്ങളുടെ 22-ാമത് മത്സരത്തില്‍ അവര്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹള്‍ സിറ്റിയെ തകര്‍ത്തു. ഇതോടെ അവരുടെ കിരീടത്തിലേക്കുള്ള കുതിപ്പിന് വേഗം കൂടുകയും ചെയ്തു.
സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന കളിയില്‍ ആദ്യപകുതിയുടെ ഇഞ്ചുറി സമയത്താണ് ആദ്യ ഗോള്‍. സൂപ്പര്‍ താരം ഡീഗോ കോസ്റ്റയാണ് ചെല്‍സിക്ക് ലീഡ് സമ്മാനിച്ചത്. പിന്നീട് 81-ാം മിനിറ്റില്‍ ഫാബ്രിഗാസിന്റെ ക്രോസില്‍ ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെ ഗാരി കാഹില്‍ ചെല്‍സിയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തുകയായിരുന്നു. വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിലേക്ക് എട്ട് പോയിന്റിന്റെ ലീഡ് ചെല്‍സിക്ക് സ്വന്തം. ചെല്‍സിക്ക് 55ഉം ആഴ്സണലിന് 47ഉം പോയിന്റുകളാണുള്ളത്.
മറ്റൊരു ആവേശകരമായ പോരാട്ടത്തില്‍ ആഴ്സണല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബേണ്‍ലിയെ തോല്‍പ്പിച്ചു. ഇഞ്ചുറിസമയത്തിന്റെ അവസാന സെക്കന്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അലക്സി സാഞ്ചസാണ് ഗണ്ണേഴ്സിന് വിജയത്തിലെത്തിച്ചത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ കഴിയാതെ ആഴ്സണല്‍ വിഷമിച്ചു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നെങ്കിലും സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴക്കുകയായിരുന്നു.
ഒടുവില്‍ 59-ാം മിനിറ്റില്‍ മുസ്താഫി ഗണ്ണേഴ്സിന് ലീഡ് നേടിക്കൊടുത്തു. ഓസിലെടുത്ത കോര്‍ണര്‍ കിക്ക് ഹെഡ്ഡ് ചെയ്താണ് മുസ്താഫി ഗോള്‍ നേടിയത്. എന്നാല്‍ ആറ് മിനിറ്റിനുശേഷം ഡിഫോറിനെ ഫൗള്‍ ചെയ്തതിന് ഗ്രാനിറ്റ് സാക്കയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ ആഴ്സണല്‍ പത്ത് പേരിലേക്ക് ചുരുങ്ങി. എങ്കിലും സമനില ഗോള്‍ വഴങ്ങാതെ ആഴ്സണല്‍ പിടിച്ചുനിന്നു. 90 മിനിറ്റ് കഴിഞ്ഞപ്പോള്‍ ആഴ്സണല്‍ 1-0ന് മുന്നില്‍. കളി പരിക്കുസമയത്തേക്ക്. പരിക്കുസമയത്തിന്റെ മൂന്നാം മിനിറ്റില്‍ ബേണ്‍ലിയുടെ സമനിലഗോള്‍.
ബാര്നസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി ആന്ദ്രെ ഗ്രേയാണ് ആഴ്സണലിനെ ഞെട്ടിച്ചത്. ഇതോടെ കളി സമനിലയില്‍ കലാശിക്കുമെന്ന് ഉറപ്പിച്ചു. എന്നാല്‍ ആഴ്സണലിന്റെ വിജയഗോള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പരിക്കുസമയത്തിന്റെ ഏഴാം മിനിറ്റില്‍ കൊഷിയന്ലിയെ ഫൗള്‍ ചെയ്തതിന് റഫറി ആഴ്സണലിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത അലക്സി സാഞ്ചസിന് പിഴച്ചില്ല. പന്ത് വലയില്‍. ഒപ്പം ആഴ്സണലിന് വിജയവും.
അതേസമയം നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയുടെ മോശം പ്രകടനം തുടരുകയാണ്. ഞായറാഴ്ച രാത്രി നടന്ന കളിയില്‍ സതാംപ്ടനോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലെസ്റ്റര്‍ തോറ്റു. സീസണിലെ പതിനൊന്നാം പരാജയം. 22 കളികളില്‍ നിന്ന് 21 പോയിന്റുമായി ലെസ്റ്റര്‍ 15-ാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: