ന്യൂദല്‍ഹി: ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാളായ തിരുവനന്തപുരം ലോ അക്കാദമിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ ജോണ്‍ ബ്രിട്ടാസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. എന്താണ് പ്രശ്‌നമെന്ന് ആദ്യം ചോദിച്ച മുഖ്യമന്ത്രി യോഗ്യതയില്ലാത്ത ഒരാളല്ല ബ്രിട്ടാസെന്ന് ചൂണ്ടിക്കാട്ടി.
ലോ അക്കാദമിയില്‍ അദ്ദേഹം പഠിച്ചിട്ടുണ്ടാകും. അതിന് മുന്‍പ് മറ്റ് പലയിടത്തും പഠിച്ചിട്ടുണ്ട്. എംഎയും എംഫിലുമൊക്കെ കഴിഞ്ഞതാണ്. ചിലതില്‍ ഗോള്‍ഡ് മെഡലൊക്കെ കിട്ടിയിട്ടുണ്ട്. പഠനകാര്യത്തില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ചേര്‍ന്നിട്ട് എന്തെങ്കിലും സൗജന്യം പറ്റേണ്ട ഒരാളല്ല. ആര്‍ക്കും എന്തും പറയാമെന്നും ഇതിനൊന്നും മറുപടി പറയാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബ്രിട്ടാസിന്റെ സാനിധ്യത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ബ്രിട്ടാസിന് ലോ അക്കാദമിയില്‍ പ്രത്യേക പരിഗണന ലഭിച്ചതായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ പരാതി ഉയര്‍ന്നിരുന്നു. ലക്ഷ്മി നായര്‍ക്കെതിരെ എസ്എഫ്‌ഐയും എബിവിപിയും ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സമരരംഗത്താണ്.
കൈരളി ടിവിയിലെ അവതാരക കൂടിയായ ലക്ഷ്മി നായര്‍ താന്‍ കമ്യൂണിസ്റ്റ് കുടുംബമാണെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. ലക്ഷ്മി നായരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ആരോപണമുയരുമ്പോഴാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.
















