Categories: Vicharam

വിധിയെഴുത്ത് അരാജക ഭരണത്തിനെതിരാവും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

യുപിയില്‍ നടന്ന പരിവര്‍ത്തന്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

”ഒരാളാണ് ബലാത്സംഗം ചെയ്യുന്നതെങ്കിലും നാല് പേര്‍ക്കെതിരെയാണ് പരാതി നല്‍കുന്നത്. ഒരാളെ നാല് പേര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ പറ്റുമോ? അതൊരിക്കലും പ്രായോഗികമല്ല”. മൂന്ന് തവണ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം സിംഗ് യാദവിന്റെ വാക്കുകളാണിത്. അരനൂറ്റാണ്ടായി രാഷ്‌ട്രീയത്തില്‍ വിഹരിക്കുന്ന മുലായത്തിന്റെ വാക്കുകള്‍ ഒറ്റപ്പെട്ടതോ ആകസ്മികമോ അല്ല. മുംബൈയില്‍ കൂട്ടബലാത്സംഗ കേസിലെ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചപ്പോഴും ഇരകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ച് മുലായം പ്രസംഗിച്ചു. ആണ്‍കുട്ടികളായാല്‍ തെറ്റുപറ്റുമെന്ന് പറഞ്ഞായിരുന്നു മുന്‍ പ്രതിരോധ മന്ത്രി കൂടിയായ മുലായം റേപ്പിസ്റ്റുകള്‍ക്ക് പ്രതിരോധം തീര്‍ത്തത്.

ഉത്തര്‍ പ്രദേശ് ഭരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ് മുലായം. പാര്‍ട്ടിയില്‍ മുലായം മാത്രമല്ല, മറ്റ് നേതാക്കളും ഒന്നിനൊന്ന് മെച്ചമാണ്. കഴിഞ്ഞ വര്‍ഷം കാണ്‍പൂര്‍ ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി അമ്മയെയും പതിനാലുകാരിയായ മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് രാജ്യത്തിന്റെ തലതാഴ്‌ത്തിയിരുന്നു. പന്ത്രണ്ടോളം ക്രിമിനലുകള്‍ തോക്കിന്‍ മുനയില്‍ മൂന്ന് മണിക്കൂറോളമാണ് ഇരുവരെയും പീഡിപ്പിച്ചത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയെന്നായിരുന്നു ദാരുണ സംഭവത്തെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ അസംഖാന്‍ വിശേഷിപ്പിച്ചത്. വിഷയം സുപ്രീംകോടതിയിലെത്തിയതോടെ അസംഖാന് മാപ്പ് പറയേണ്ടി വന്നു. പുതുവത്സരാഘോഷത്തിനിടെ ബംഗളൂരുവില്‍ സ്ത്രീകള്‍ വ്യാപകമായി അപമാനിക്കപ്പെട്ടതില്‍ വിവാദ പ്രസ്താവന നടത്തിയതും ഒരു എസ്പി നേതാവായിരുന്നു.

സമാജ്‌വാദി പാര്‍ട്ടി അങ്ങനെയാണ്. സോഷ്യലിസ്റ്റ് ആചാര്യന്‍ രാം മനോഹര്‍ ലോഹ്യയുടെ ആദര്‍ശം അവകാശപ്പെടുമ്പോഴും മാഫിയാ പാര്‍ട്ടിയെന്ന വിളിപ്പേര് അലങ്കാരമായി കരുതുന്നവര്‍. പ്രസംഗത്തില്‍ മാത്രമല്ല പ്രവൃത്തിയിലും നേതാക്കള്‍ മുന്നിലാണ്. രാഷ്‌ട്രീയവും മാഫിയാ പ്രവര്‍ത്തനവും വേര്‍പിരിക്കാനാകാത്ത വിധത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു. രാഷ്‌ട്രീയ നേതാക്കള്‍ ക്രിമിനലുകളായും ക്രിമിനലുകള്‍ രാഷ്‌ട്രീയ നേതാക്കളായും പ്രത്യക്ഷപ്പെടുന്നു. മുലായത്തിന്റെ മകന്‍ അഖിലേഷിന്റെ അഞ്ച് വര്‍ഷത്തെ യുപി ഭരണത്തില്‍ അസംഖാനെയും മുലായത്തെയും മാതൃകയാക്കുന്ന പ്രാദേശിക നേതാക്കളുടെ സമാന്തര ഭരണമാണ് അരങ്ങേറിയത്. ക്രമസമാധാന നില താറുമാറായ യുപിയിലെ പല വാര്‍ത്തകളും ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിച്ചു.

കഴിഞ്ഞ വര്‍ഷം മാത്രം പന്ത്രണ്ടിലേറെ വര്‍ഗ്ഗീയ കലാപങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറി.

ഫത്തേപൂര്‍, ബിജ്‌നോര്‍, അസംഗഢ്, അലിഗഢ്, ബറേലി, റായ്ബറേലി, സിതാപുര്‍, ഗൊരഖ്പുര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ജീവനും ജീവിതവും നഷ്ടപ്പെട്ടവര്‍ നിരവധി. 2013ല്‍ ഒരു മാസത്തോളം മുസാഫര്‍ നഗറില്‍ ആളിക്കത്തിയ വര്‍ഗ്ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടത് 62 പേര്‍. അരലക്ഷമാളുകള്‍ അഭയാര്‍ത്ഥികളായി. കലാപത്തില്‍ പാര്‍ട്ടിയുടെ മുസ്ലിം മുഖമായ അസംഖാനെതിരെ നാല് പോലീസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. മുസ്ലിം വോട്ടുകള്‍ വന്‍തോതില്‍ സ്വന്തമാക്കിയാണ് 2012ല്‍ അഖിലേഷ് അധികാരത്തിലെത്തിയത്. അന്ന് മുലായവുമായി വേദി പങ്കിട്ട ജുമാ മസ്ജിദ് ഷാഹി ഇമാം സയ്യീദ് അഹമ്മദ് ബുഖാരി ഇത്തവണ എസ്പിക്ക് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. അഖിലേഷ് മുഖ്യമന്ത്രിയായി ഒരു വര്‍ഷത്തിനുളളില്‍ 113 വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയതായാണ് ബുഖാരിയുടെ ആരോപണം.

നിയമസംവിധാനത്തെ കോള്‍ഡ് സ്‌റ്റോറേജില്‍വച്ച് സംസ്ഥാനത്ത് അരങ്ങേറിയ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അരാജകത്വവും പതിറ്റാണ്ടുകളുടെ വികസന മുരടിപ്പുമായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശ് ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. മുലായവും അഖിലേഷും തമ്മിലുള്ള അധികാരവടംവലി നിര്‍ഭാഗ്യവശാല്‍ ജനങ്ങളുടെ വിഷയങ്ങള്‍ തിരശ്ശീലക്ക് പിന്നിലേക്ക് തള്ളിയിട്ടു. സമാജ്‌വാദി പാര്‍ട്ടിയിലെ രാഷ്‌ട്രീയ നാടകങ്ങളില്‍ ഈ സാചര്യം കൂടി പരിഗണിക്കേണ്ടതുണ്ട്. അഞ്ച് വര്‍ഷത്തെ ഭരണം ജനങ്ങള്‍ വിലയിരുത്തിയാല്‍ നിലംതൊടില്ലെന്ന ആശങ്ക അഛനും മകനുമുണ്ട്. ഭരണവിരുദ്ധ വികാരമുയര്‍ത്തുന്ന വിഷയങ്ങള്‍ പാര്‍ട്ടിയിലെ അസാധാരണ സംഭവങ്ങളോടെ ചര്‍ച്ചയല്ലാതായി.

മാധ്യമങ്ങളില്‍ അഖിലേഷും മുലായവും ഇവര്‍ക്കൊപ്പമുള്ള നേതാക്കളും നിറഞ്ഞു. പാര്‍ട്ടിയിലെയും ഭരണത്തിലെയും കൊള്ളരുതായ്‌മകള്‍ക്ക് മുലായവും അനുയായികളും ഉത്തരവാദികളായപ്പോള്‍ അഖിലേഷ് നല്ലവനായി ചിത്രീകരിക്കപ്പെട്ടു. ആരംഭം മുതല്‍ പാര്‍ട്ടിയുടെ മുഖമുദ്രയായ ക്രിമിനല്‍ രാഷ്‌ട്രീയത്തിന് അന്ത്യംകുറിക്കാനുള്ള പോരാട്ടമാണ് അഖിലേഷിന്റെ അധികാരത്തര്‍ക്കമെന്ന് ചിലരെങ്കിലും കരുതുന്നു. പാര്‍ട്ടിയുടെ അവസാന വാക്കായിരുന്ന മുലായത്തെ മറികടന്ന് അഖിലേഷ് ഭൂരിപക്ഷം സ്വന്തമാക്കുമ്പോള്‍ ജയകീയനേതാവെന്ന വിശേഷണവും ചാര്‍ത്തപ്പെട്ടു. പിളര്‍പ്പ് നാടകമെന്ന് വ്യക്തം.

പാര്‍ട്ടിയിലും കുടുംബത്തിലും അഖിലേഷിനുണ്ടായിരുന്ന എതിര്‍പ്പിനും ഇനി പ്രസക്തിയില്ല. മാഫിയാ തലവന്‍ മുഖ്താര്‍ അന്‍സാരിയുടെ പാര്‍ട്ടിയായ ക്വാമി ഏകതാ ദള്‍ എസ്പിയില്‍ ലയിക്കുന്നതിനെതിരെ അഖിലേഷ് നിലപാടെടുത്തതായും വാര്‍ത്തയുണ്ടായിരുന്നു. കൊലപാതകത്തിനും വധശ്രമത്തിനും നാല് വീതവും കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് മൂന്നും കേസുകള്‍ നേരിടുന്ന അന്‍സാരി എന്തായാലും ഇപ്പോള്‍ എസ്പിയിലാണ്. അഖിലേഷിന്റെ എതിര്‍പ്പിന്റെ ആത്മാര്‍ത്ഥതയില്ലായ്‌മയാണ് ഇത് വെളിവാക്കുന്നത്. ബിജെപിയുടെ പരിവര്‍ത്തന്‍ റാലികളാണ് സംസ്ഥാനത്തിന്റെ നീറുന്ന വിഷയങ്ങളെ ഇപ്പോഴും അഭിസംബോധന ചെയ്യുന്നത്.

ഇന്ദിരയെ പാഠം പഠിപ്പിച്ച യുപി

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യുപി രാഷ്‌ട്രീയ പാര്‍ട്ടികളെ വല്ലാതെ വശീകരിക്കാറുണ്ട്. ഇവിടെയുള്ള എണ്‍പത് ലോക്‌സഭാ സീറ്റുകളും 31 രാജ്യസഭാ സീറ്റുകളും ദേശീയ രാഷ്‌ട്രീയത്തില്‍ നിര്‍ണായകമാണ്. കേവല ഭൂരിപക്ഷത്തോടെ മോദിയെ അധികാരത്തിലെത്താന്‍ ഇത്തവണ സഹായിച്ചത് 71 സീറ്റുകള്‍ നല്‍കിയ യുപിയാണ്. കൊളോണിയല്‍ ഭരണത്തെ അനുസ്മരിപ്പിച്ച് മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിച്ച് അടിയന്തരാവസ്ഥ നടപ്പാക്കിയ ഏകാധിപധി ഇന്ദിരക്ക് ഉത്തര്‍ പ്രദേശ് നല്‍കിയ മറുപടി ജനാധിപത്യ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. യുപിയിലെ 84 സീറ്റുകള്‍ മുഴുവന്‍ തൂത്തുവാരിയാണ് 1977ല്‍ ജനതാ പാര്‍ട്ടി ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ രൂപീകരിച്ചത്. പുതിയൊരിന്ത്യ സ്വപ്‌നം കാണാന്‍ കോണ്‍ഗ്രസ്സിന് ബദലായി ബിജെപിയെ പാകപ്പെടുത്തിയ രാമജന്മഭൂമി പ്രക്ഷോഭവും ചരിത്രത്തില്‍ അവഗണിക്കാനാകില്ല.

വിശാലമായ രാഷ്‌ട്രീയ മോഹങ്ങള്‍ നല്‍കുമ്പോഴും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അതിന്റെ നേട്ടമൊന്നും ലഭിച്ചില്ലെന്നതാണ് വാസ്തവം. വെള്ളവും വെളിച്ചവുമെത്താത്ത കുഗ്രാമങ്ങളില്‍ ദാരിദ്രത്തിന്റെ കഥകളാണ് അധികവും. കുറ്റകൃത്യനിരക്കില്‍ മുന്നില്‍. വികസനത്തിന്റെ പുറമ്പോക്കില്‍ തളച്ചിടപ്പെട്ട പരാജയപ്പെട്ട ജനതയാണ് ഉത്തര്‍ പ്രദേശില്‍ ഭൂരിഭാഗവും. പിന്നോക്കക്കാരുടെ വക്താക്കളായി എത്തിയവര്‍ പോലും അധികാരത്തിന്റെ ഭാഗമായപ്പോള്‍ അടിസ്ഥാന ജനവിഭാഗത്തെ മറന്നു. മോദിക്ക് മുന്‍പ് പതിനാല് പ്രധാനമന്ത്രിമാരില്‍ എട്ട് പേര്‍ (നെഹ്‌റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിര, രാജീവ്, ചരണ്‍ സിംഗ്, ചന്ദ്രശേഖര്‍, വി.പി. സിംഗ്, വാജ്‌പേയി) യുപിയില്‍ നിന്നായിരുന്നു. അമേത്തി, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങള്‍ നെഹ്‌റു കുടുംബത്തിന്റെ കുത്തകയായി. ആറ് പതിറ്റാണ്ടോളം കേന്ദ്രവും നാല് പതിറ്റാണ്ട് സംസ്ഥാനവും ഭരിച്ച കോണ്‍ഗ്രസ് സംസ്ഥാനത്തെ വികസനത്തിന് പുറത്തുനിര്‍ത്തിയതില്‍ പ്രധാന പ്രതിയാണ്. ഇതിന് മാറ്റം വരുത്താനാണ് മോദിയുടെ വരവ്. കേന്ദ്രവും സംസ്ഥാനവും ബിജെപി ഭരിച്ചാല്‍ വികസനത്തിന്റെ മഴവില്ല് വിരിയുമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം.

ജാതി രാഷ്‌ട്രീയവും മതവര്‍ഗ്ഗീയ പ്രീണനവും പരീക്ഷണ ശാലയാക്കി മാറ്റിയ ഉത്തര്‍ പ്രദേശ് സമകാലീന ഇന്ത്യന്‍ രാഷ്‌ട്രീയ നാടകങ്ങളുടെ പരിഛേദമാണ്. 75 ജില്ലകളുള്ള സംസ്ഥാനത്തിന് ഈ വലിപ്പം പലപ്പോഴും പോരായ്‌മയായി മാറുന്നു. സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ ജനങ്ങളിലേക്ക് എത്തിച്ചേരാനാകുന്നില്ല. സംസ്ഥാനം വിഭജിക്കണമെന്ന ആശയം ഏറെക്കാലം ഉയര്‍ന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഫസല്‍ അലി ചെയര്‍മാനായി രൂപീകരിച്ച സംസ്ഥാന പുനസംഘടനാ കമ്മീഷനിലെ അംഗമായിരുന്ന കെ.എം. പണിക്കര്‍ ഉത്തര്‍ പ്രദേശിനെ മൂന്നായി വിഭജിക്കണമെന്ന് വിയോജനക്കുറിപ്പ് എഴുതിയിരുന്നു.

പണിക്കരുടെ വാദങ്ങള്‍ പ്രസക്തമായിരുന്നു. എല്ലാ കാലവും യുപി ഇന്ത്യയെ ഭരിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു കമ്യൂണിസ്റ്റുകാരനായിരുന്ന അദ്ദേഹത്തിന്റെ ആശങ്ക. ഇത് ഫെഡറലിസത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യുമെന്നും പണിക്കര്‍ വാദിച്ചു. എന്നാല്‍ വിഭജനം കീറാമുട്ടിയായതിനാല്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. 2000ത്തില്‍ അന്നത്തെ വാജ്‌പേയി സര്‍ക്കാര്‍ യുപിയെ വിഭജിച്ച് മലമ്പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരാഖണ്ഡ് എന്ന പുതിയ സംസ്ഥാനം രൂപീകരിച്ചു. 2011ല്‍ സംസ്ഥാനത്തെ നാലായി വിഭജിക്കണമെന്ന് മുഖ്യമന്ത്രിയായിരുന്ന മായാവതി ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ രാഷ്‌ട്രീയ പ്രസ്താവന മാത്രമായിരുന്നു അത്.

വിഭജനം ഇന്നത്തെ സാഹചര്യത്തില്‍ പ്രായോഗികമല്ല. അത് സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കും. പ്രകൃതി വിഭവങ്ങളില്‍ അന്തരമുണ്ടാക്കും. തെരഞ്ഞെടുപ്പില്‍ മായാവതി തോല്‍ക്കുകയും അഖിലേഷ് മുഖ്യമന്ത്രിയാവുകയും ചെയ്തതോടെ ആ അധ്യായം അവസാനിച്ചു. ഇന്നിപ്പോള്‍ സംസ്ഥാന വിഭജനം മായാവതിയെപ്പോലും അലട്ടുന്നില്ല. സാമുദായിക സമവാക്യത്തെ ആശ്രയിച്ച് ഒരിക്കല്‍ക്കൂടി അധികാര കസേര സ്വപ്‌നം കാണുകയാണ് ബഹന്‍ജി. ജനങ്ങളുടെ ജനാധിപത്യ ബോധത്തെ പരിഹസിച്ച രാഷ്‌ട്രീയ നാടകത്തിന് ശേഷം അഖിലേഷിന് കീഴില്‍ എസ്പിയും എസ്പിയുടെ കീഴില്‍ കോണ്‍ഗ്രസ്സും തെരഞ്ഞെടുപ്പിനിറങ്ങുന്നു. ഇതിനെല്ലാം പുറമെ, കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളുമായി മോദിയെയും കൂട്ടി ബിജെപിയും എത്തുന്നു.

Recent Posts