ഒയേം (ഗാബോണ്‍): ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കരുത്തരായ ഐവറികോസ്റ്റിന് തുടര്‍ച്ചയായ രണ്ടാം സമനില. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ കോംഗോയാണ് 2-2ന് ഐവേറിയന്‍സിന് കൂച്ചുവിലങ്ങിട്ടത്. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ ടോഗോയോടും ഐവറി കോസ്റ്റ് ഗോള്‍രഹിത സമനില പാലിച്ചിരുന്നു.
പതിനൊന്നാം മിനിറ്റില്‍ നീസ്‌ക്കന്‍സ് കെബാനോ കോംഗോയെ മുന്നിലെത്തിച്ചു. എന്നാല്‍ ഇരുപതാം മിനിറ്റില്‍ വില്യം ബോണി ഐവറി കോസ്റ്റിനായി സമനില ഗോള്‍ കണ്ടെത്തി. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ ജൂനിയര്‍ കാബാംഗ വീണ്ടും കോംഗോയ്‌ക്ക് ലീഡ് നല്‍കി. അവസാനം 67-ാം മിനിറ്റില്‍ സെറീ ഡീ സമനില ഗോള്‍ നേടിയതോടെ ഐവറി കോസ്റ്റ് പരാജയത്തില്‍ നിന്ന് രക്ഷപ്പെട്ടു.
മറ്റൊരു മത്സരത്തില്‍ മൊേറാക്കോയ്‌ക്ക് ആദ്യ വിജയം. ഒന്നിനെതിരെ മൂന്നു ഗോളിന് ടോഗോയെ ആണ് മൊറോക്കോ പരാജയപ്പെടുത്തിയത്. ടോഗോക്ക് വേണ്ടി അഞ്ചാം മിനിറ്റില്‍ ഡോസോവി ലീഡ് നേടിയപ്പോള്‍ 14-ാം മിനിറ്റില്‍ അസിസ് ബൗഹാഴ്‌സും 21-ാം മിനിറ്റില്‍ റൊമെയ്ന്‍ സൈസും 72-ാം മിനിറ്റില്‍ നെസീറിയും മൊറോക്കോയ്‌ക്കുവേണ്ടി ലക്ഷ്യം കണ്ടു.
ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോംഗോ 4 പോയിന്റുമായി ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള മൊറോക്കോയ്‌ക്ക് മൂന്നും മൂന്നാമതുള്ള ഐവറികോസ്റ്റിന് 2ഉം പോയിന്റ്.
















