പത്തനാപുരം: ജില്ലാ ക്ഷീരസംഗമത്തിന്റെയും പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ കാര്‍ഷിക വിപണന മേളയുടേയും ഭാഗമായി തലവൂരില്‍ നടന്ന കന്നുകാലി പ്രദര്‍ശനമത്സരം ഏറെ ശ്രദ്ധേയമായി. തലവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാകേഷ് പ്രദര്‍ശന മത്സരം ഉദ്ഘാടനം ചെയ്തു. 150ല്‍പരം ഉരുക്കള്‍ പ്രദര്‍ശന മത്സരത്തിനെത്തി.
മികച്ച ഇനത്തിലുള്ള കന്നുകാലികളെയാണ് പ്രദര്‍ശനത്തിനെത്തിച്ചത്. ജഴ്‌സി, സിസ്ബ്രൗണ്‍, ഗോള്‍സയില്‍ ഫ്രീഷര്‍ തുടങ്ങി തനി നാടന്‍പശുക്കളും ഉണ്ടായിരുന്നു. ആരോഗ്യവും പ്രതിരോധശേഷിയും മാത്രമല്ല സൗന്ദര്യം പോലും മത്സരത്തിന് നിര്‍ണായകമായി. പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കാനായി അതിരാവിലെ തന്നെ വയറ് നിറച്ചാണ് പലരും എത്തിയതെങ്കിലും സംഘാടകര്‍ നല്‍കിയ തീറ്റപ്പുല്‍ രുചിച്ചുനോക്കാനും പലരും സമയം കണ്ടെത്തി. അമ്മമാരോടൊപ്പം എത്തിയ കന്നുകുട്ടികള്‍ അല്‍പം കുറുമ്പ് കാണിക്കാനും മറന്നില്ല. സങ്കരയിനങ്ങളും നാടനുമായി അണിനിരന്ന പ്രദര്‍ശന മത്സരം കാണാന്‍ നിരവധി പേരാണ് തലവൂരില്‍ എത്തിയത്. പ്രദര്‍ശനറാണിയായി പട്ടാഴി തുണ്ടുവയലില്‍ സുനില്‍ കുമാറിന്റെ കിടാരിയെ തെരഞ്ഞെടുത്തു. കറവ പശു വിഭാഗത്തില്‍ ഒന്നാം സഥാനം തലവൂര്‍ ഞാറയ്‌ക്കാട് കടുവന്നാല്‍ വീട്ടില്‍ രാജേന്ദ്രന് ലഭിച്ചു. കിടാരി വിഭാഗത്തില്‍ ഒന്നാംസ്ഥാനം തലവൂര്‍ താഴേപ്പുര വീട്ടില്‍ കൊച്ചുമോന്‍ മാത്യുവിനും, കന്നുകുട്ടി വിഭാഗത്തില്‍ തലവൂര്‍ അരിങ്ങട കോട്ടൂര്‍ വീട്ടില്‍ സരസമ്മക്കും ഒന്നാം സ്ഥാനം ലഭിച്ചു. സമ്മാനങ്ങള്‍ മുന്‍എംഎല്‍എ കെ.പ്രകാശ്ബാബു വിതരണം ചെയ്തു. ക്ഷീരവികസന വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ജയലക്ഷ്മി, ക്വാളിറ്റി കണ്‍ട്രോളര്‍ ബി.എസ്.നിഷ, പത്തനാപുരം ക്ഷീരവികസന ഓഫീസര്‍ സി.വി പൗര്‍ണ്ണമി, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.മനോജ് ജോണ്‍സണ്‍, ഡയറി എക്സ്റ്റിബിഷന്‍ ഓഫീസര്‍മാരായ ഒ.ബി മഞ്ചു, നിമ്മി അമീര്‍, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലെനി ബാബു, ശശില മോഹന്‍, ദീപ, പി.ജി.വാസുദേവന്‍ഉണ്ണി, അജി വി.നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















