പാലക്കാട്: അവസാനം നിമിഷം വരെ പൊന്നോമനകളെയും ചികിത്സയില്‍ കഴിയുന്ന പ്രിയതമനെയുംകുറിച്ച് സംസാരിച്ചാണ് വിമല വിടപറഞ്ഞത്. ഈ വാക്ക് ബന്ധുക്കള്‍ പറയുമ്പോള്‍ അത് എന്താണെന്ന് മനസിലാക്കാന്‍ അശ്വിനോ അക്ഷയക്കോ കഴിഞ്ഞില്ല. ഇന്നലെ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലടീച്ചര്‍ കഞ്ചിക്കോട്ടെ വിമലയുടെ വീട്ടിലെത്തിയപ്പോള്‍ വിങ്ങിപ്പൊട്ടിയ അവസ്ഥയിലായിരുന്നു ബന്ധുക്കള്‍. ഡിസംബര്‍ 28ന് സിപിഎം അക്രമത്തിനിരയായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിമല തിങ്കളാഴ്‌ച്ച രാവിലെയാണ് കോയമ്പത്തൂരിലെ സ്വകാര്യആശുപത്രിയില്‍ മരിച്ചത്. അമ്മയുടെയും വലിയച്ഛന്റയും മരണം കുട്ടികളെ അറിയിച്ചിരുന്നില്ല. ബിജെപി പുതുശേരി മുന്‍പഞ്ചായത്തംഗം കണ്ണന്റെ ഭാര്യയാണ് വിമല.
ക്രിസ്തുമസ് അവധിയായതിനാല്‍ സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ വിമലയുടെ കോയമ്പത്തൂരിലെ വീട്ടിലായിരുന്നു. അച്ഛനും അമ്മയും തങ്ങളെ വിളിക്കുവാന്‍ വരുമെന്ന പ്രതീക്ഷയോടെയാണ് സംഭവ ദിവസം രാത്രി കുട്ടികള്‍ ഉറങ്ങാന്‍ കിടന്നത്. എന്നാല്‍, അടുത്ത ദിവസം അമ്മാവനാണ് അച്ഛനും അമ്മയും ആശുപത്രിയിലാണെന്ന് അറിയിച്ചത്. അച്ഛന്‍ കണ്ണനും അമ്മ വിമലയും മക്കളുമായി ഫോണില്‍ സംസാരിക്കുകയുമുണ്ടായി. തങ്ങള്‍ക്ക് കുഴപ്പമില്ലെന്നും എത്രയും പെട്ടെന്ന് വിളിക്കുവാന്‍ വരാമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു.
വേദനക്കിടയിലും മകള്‍ അക്ഷയയോടും നാലാംക്ലാസുകാരന്‍ അശ്വിനോടും നന്നായി പഠിക്കണമെന്നും കുറുമ്പുകാണിക്കരുതെന്നുമാണ് പറഞ്ഞത്. അമ്മയുടെ അവസാന വാക്കുകളായിരിക്കുമെന്ന് കുരുന്നുകളറിഞ്ഞില്ല. അനിയനെ നന്നായി നോക്കണമെന്നായിരുന്നു ആ അമ്മ മകളോട് അവസാനമായി പറഞ്ഞത്. ക്രിസ്തുമസിന് സ്‌കൂള്‍ അടച്ച് കോയമ്പത്തൂര്‍ പോയതുമുതല്‍ ഇവര്‍ അമ്മയെ കണ്ടിട്ടുണ്ടായിരുന്നില്ല. “
മക്കളുടെ പഠനത്തില്‍ ഏറെ ശ്രദ്ധപുലര്‍ത്തിയിരുന്നു ആ അമ്മ. അമ്മ മരിച്ചെന്ന് അറിക്കാതെയാണ് കഴിഞ്ഞദിവസം വിമലയുടെ സഹോദരങ്ങള്‍ കുട്ടികളെ ചടയന്‍കലായിലെ വീട്ടിലെത്തിച്ചതും.
അച്ഛനെയും അമ്മയെയും കാണാനുള്ള സന്തോഷത്തില്‍ ചിരിച്ചുകളിച്ചെത്തിയ കുട്ടികള്‍ വീട്ടുമുറ്റത്തെ ആള്‍കൂട്ടം കണ്ടപ്പോള്‍ പേടിച്ചു. ആള്‍ക്കൂട്ടത്തില്‍ രക്ഷിതാക്കളെ തിരഞ്ഞെങ്കിലും കണ്ടില്ല. അമ്മ ഉച്ചക്ക് എത്തുമെന്ന് പറഞ്ഞ് കുടുംബാംഗങ്ങള്‍ ആശ്വസിപ്പിച്ചു. ഉച്ചയ്‌ക്ക് രണ്ടരയോടെ വീട്ടുമുറ്റത്തിയെ ആംബുലന്‍സില്‍ നിന്ന് അമ്മയെ എടുത്തുകൊണ്ടുവരുന്നത് നോക്കിനില്‍ക്കുകയായിരുന്നു ഇരുവരും.
വീട്ടുകാര്‍ അലമുറയിട്ട് കരയുന്നത് എന്തിനാണെന്ന് ഇതിനിടെ അശ്വിന്‍ ചേച്ചിയോട് ചോദിക്കുന്നുണ്ടായിരുന്നു. മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ബന്ധുക്കളാണ് മക്കളെ അമ്മയുടെ അടുക്കല്‍ എത്തിച്ചത്. ആളുകളെ കണ്ട് പേടിച്ചാണ് അശ്വിന്‍ അമ്മക്കരികില്‍ എത്തിയത്. അമ്മയുടെ നെറ്റിയില്‍ ചുംബനം നല്‍കുമ്പോള്‍ അവനറഞ്ഞിരുന്നില്ല ഇത് അന്ത്യചുംബനമാണെന്ന്. അക്ഷയയുടെ കരച്ചില്‍ ഏവരെയും ഈറനണിയിച്ചു.
ഇന്നലെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പമാണ് കുട്ടികള്‍ പോയത്. അമ്മ മരിച്ച വിവരം അച്ഛനോട് പറയരുതെന്ന് കുട്ടികളോട് പറഞ്ഞിരുന്നു. മക്കളെ കണ്ടതും നിറകണ്ണുകളോടെ അവരെ കെട്ടിപ്പിടിക്കുകയായിരുന്നു കണ്ണന്‍. അച്ഛനു കുഴപ്പമൊന്നുമില്ലെന്നും എത്രയും വേഗം വീട്ടില്‍ പോവാം എന്നു പറഞ്ഞ കണ്ണന്‍ തന്റെ പ്രിയതമ വിമലക്ക് എങ്ങനെയുണ്ടന്ന് മക്കളോട് പലവട്ടം ചോദിച്ചു. മുകളിലെ മുറിയില്‍ കിടക്കുന്ന അമ്മയെ കണ്ടെന്നും കുഴപ്പമില്ലെന്നുമായിരുന്നു മക്കളുടെ മറുപടി.
കണ്ണന്‍ ഇത്‌ചോദിച്ചെങ്കിലും ഏറെ പക്വതയോടെയാണ് കുട്ടികള്‍ അച്ഛനു മറുപടി നല്‍കിയത്. അച്ഛന് ഭക്ഷണം വിളമ്പികൊടുക്കുകയും കെട്ടിപ്പിടിച്ചിരുന്ന് കഥപറയുകയും കളിക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് അച്ഛനോട് യാത്രപറഞ്ഞാണ് വൈകുന്നേരത്തോടെ കുട്ടികള്‍ കഞ്ചിക്കോട്ടെ വീട്ടിലെത്തിയത്.
















