കൊച്ചി: ഭീകരതയുടെ പ്രതിരൂപമായ ഇസ്ലാമിക് സ്റ്റേറ്റ്‌സു (ഐഎസ്)മായി ബന്ധപ്പെട്ട് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന്റെ ‘നേട്ടം’ കേരളത്തിനാകും. ഇരുപതിലേറെപ്പേര്‍ ഐഎസ്സില്‍ ചേര്‍ന്നതായി സംശയിക്കുന്നുണ്ടെങ്കിലും 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം, കാഞ്ഞങ്ങാട്ട് ഒന്‍പതും പാലക്കാട്ട് ഒന്നും.
തുടര്‍ന്ന് ഈ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് കൈമാറാനാണ് തീരുമാനം. ഐഎസ്സുമായി ബന്ധപ്പെട്ട് രാജ്യത്തൊട്ടാകെ എന്‍ഐഎ അന്വേഷിക്കുന്നത് ആറ് കേസുകളാണെന്നിരിക്കെയാണ് കേരളം പത്തിലെത്തുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരളം ഭീകരരുടെ നഴ്‌സറിയാണെന്ന് നരേന്ദ്രമോദി പ്രസംഗിച്ചത് ഇടത് വലത് മുന്നണികള്‍ വന്‍വിവാദമാക്കിയിരുന്നു. മോദി പരാമര്‍ശിച്ചതിനേക്കാള്‍ ഭീകരമാണ് കേരളത്തിലെ സാഹചര്യമെന്ന് ഐഎസ് ബന്ധത്തോടെ വ്യക്തമാകുന്നു.
ദല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ രണ്ടും രാജസ്ഥാനിലും ഹൈദരാബാദിലും ഓരോ കേസുകളുമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഐഎസ് നിര്‍ദ്ദേശപ്രകാരം രാജ്യത്ത് സ്‌ഫോടനത്തിന് പദ്ധതിയിട്ട അഞ്ച് പേര്‍ ഹൈദരാബാദില്‍ ഏതാനും ദിവസം മുന്‍പ് അറസ്റ്റിലായതാണ് പ്രധാന കേസ്. കുംഭമേളക്കിടെ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലും ഐഎസ്സില്‍ പ്രവര്‍ത്തിച്ചതിനും ചേരാന്‍ പ്രേരിപ്പിച്ചതിനുമൊക്കെയാണ് മറ്റ് കേസുകള്‍. കുടുംബത്തോടൊപ്പം ഐഎസ്സില്‍ ചേരാന്‍ തീരുമാനിച്ചതായുള്ള കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ ഏറെ ഗൗരവമാണെന്ന് എന്‍ഐഎ കരുതുന്നു.
കേരളവുമായി ബന്ധപ്പെട്ട് നിലവില്‍ ഇരുപതോളം കേസുകളാണ് എന്‍ഐഎയുടെ അന്വേഷണത്തിലുള്ളത്. എന്‍ഐഎയുടെ കേരള, ഹൈദരാബാദ്, ദല്‍ഹി യൂണിറ്റുകള്‍ക്കാണ് അന്വേഷണചുമതല. മുസ്ലിം തീവ്രവാദത്തിന് പുറമെ കള്ളനോട്ട്, മാവോയിസ്റ്റ് ആക്രമണങ്ങള്‍ എന്നിവയും കേസിലുള്‍പ്പെടുന്നു. കള്ളനോട്ട് കേസുകള്‍ക്ക് ഇടത്-ജിഹാദി ഭീകരതയുമായി ബന്ധമുണ്ടെന്ന് നിരവധി തവണ അന്വേഷണത്തില്‍ തെളിഞ്ഞതാണ്.
കളമശേരി ബസ് കത്തിക്കല്‍, കോഴിക്കോട് കളക്‌ട്രേറ്റ് സ്‌ഫോടനം, കോഴിക്കോട് ഇരട്ട സ്‌ഫോടനം, വാഗമണ്‍ സിമി ക്യാമ്പ്, പാനായിക്കുളം സിമി ക്യാമ്പ്, കൈവെട്ട് കേസ്, നാറാത്ത് ഭീകര പരിശീലന ക്യാമ്പ്, കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ എന്നിവയാണ് പ്രധാന കേസുകള്‍. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മദനിയെ ജയിലിലടച്ചതിന് പ്രതികാരമായി തമിഴ്‌നാട് ബസ് കളമശേരിയില്‍ വെച്ച് കത്തിച്ചതോടെയാണ് ഭീകരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി കേരളം മാറിയതിന്റെ ആദ്യ സൂചന വ്യക്തമായത്.
2008ല്‍ കേരളത്തില്‍ നിന്നുള്ള നാല് ഭീകരര്‍ കാശ്മീരിലെ കുപ്‌വാരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. ലക്ഷ്‌കര്‍ ഇ തോയ്ബയുടെ ദക്ഷിണ മേഖലാ കമാന്റര്‍ തടിയന്റവിട നസീര്‍ കേസില്‍ അറസ്റ്റിലായതോടെ കേരളത്തിലെ ഇസ്ലാമിക ഭീകരതയുടെ ആഴം വ്യക്തമാവുകയായിരുന്നു. നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തനം സജീവമെന്ന് തെളിയിക്കുന്നതായിരുന്നു പാനായിക്കുളത്തെയും വാഗമണിലെയും ക്യാമ്പുകള്‍. മാറാട് കൂട്ടക്കൊലയില്‍ ഭീകരവാദ ബന്ധം കണ്ടെത്തിയെങ്കിലും കേരളത്തിലെ ഭരണനേതൃത്വങ്ങള്‍ അന്വേഷണം അട്ടിമറിക്കുകയായിരുന്നു.
















