ഹരിവരാസനം പുരസ്‌കാരം ഗംഗൈഅമരന്‍ ഏറ്റുവാങ്ങുന്നു
ശബരിമല: ‘എല്ലാരുമേ സ്വാമി താനേ. നാമയെല്ലാരുക്കുമൊരു ഭൂമി താനേ. ഒരേയൊരു ജ്യോതി താനേ. നാമയെല്ലാം മനുഷ്യജാതി താനേ…’ ഹരിവരാസന പുരസ്‌കാരം ഏറ്റുവാങ്ങി പ്രശസ്ത സംഗീതജ്ഞന്‍ ഗംഗൈഅമരന്‍ ഭക്തിയും സംഗീതവും ഒത്തുചേര്‍ന്ന ഈ ഗാനം ആലപിച്ചതോടെ ഭക്തര്‍ പുളകിതരായി. അയ്യപ്പന് അര്‍ച്ചനയായി സംഗീതാഭിഷേകം നടത്തിക്കൊണ്ടാണ് ഗംഗൈ അമരന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.
അയ്യപ്പന്‍ നല്‍കിയ ഭിക്ഷയാണ് ഈ പുരസ്‌കാരവും തന്റെ സംഗീതവുമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഈ അവാര്‍ഡ് വളരെ പുണ്യമായാണ് കാണുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി ശബരിമലയിലെത്തിയത് യേശുദാസിനും ഉണ്ണികൃഷ്ണനുമൊപ്പമാണ്.
ആദ്യതവണ മലയിറ ങ്ങിയപ്പോഴാണ് സഹോദരന്‍ ഇളയരാജയ്‌ക്ക് ആദ്യമായി സിനിമയ്‌ക്ക് സംഗീത സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ച വിവരം അറിയുന്നത്. രണ്ടാംതവണ തനിക്ക് ചലച്ചിത്ര ഗാനരചന നടത്താനുള്ള അവസരം ലഭിച്ചു. അങ്ങനെയുണ്ടായതാണ് സിന്ദൂരപ്പൂവേ… എന്ന ഹിറ്റ് ഗാനം. മൂന്നാം തവണ സിന്ദൂരപ്പൂവേ എന്ന ഗാനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു. എല്ലാ സംഗീതത്തിലും ഒരു ദൈവസ്പര്‍ശമുണ്ട്. ഇത്തവണ അയ്യപ്പനെ തൊഴുതിറങ്ങിയപ്പോള്‍ പുതിയ ഒരു ഗാനത്തിന്റെ വരികളാണ് മനസില്‍ നിറഞ്ഞതെന്ന് ഗംഗൈഅമരന്‍ പറഞ്ഞു. തമിഴിലും മലയാളത്തിലും നിരവധി ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജു എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം വകുപ്പ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, ജസ്റ്റിസ് അരിജിത്ത് പസായത്ത്, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, സ്പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ദേവസ്വം കമ്മീഷണര്‍ സി. പി. രാമരാജ പ്രേമപ്രസാദ്, സിനിമാതാരം ജയറാം, ദേവസ്വം അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















