തൃശൂര്‍: വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന സിപിഎമ്മിലേക്കും പോഷകസംഘടനയായ കെഎസ്ടിഎയിലേക്കും ആളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയാക്കി സര്‍വ്വശിക്ഷാ അഭിയാനെ മാറ്റിയതായി ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാനസമിതി.
കേന്ദ്രവിദ്യാഭ്യാസ അവകാശനിയമപ്രകാരം മാനവശേഷി വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശാനുസരണം സംസ്ഥാനത്തെ സ്‌കൂളുകളില്‍ കലാ-കായിക-പ്രവൃത്തി പരിചയപഠനത്തിന് സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിച്ചതിന് സംസ്ഥാനത്തെ ഭരണകക്ഷിയുടെ താല്പര്യമാണ് യോഗ്യതയാക്കിയത്. പ്രൈമറി വിദ്യാഭ്യാസ മേഖലയുടെ സമഗ്രവികാസം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ട എസ്എസ്എയെ ഉപയോഗപ്പെടുത്തി രാഷ്‌ട്രീയപ്രവര്‍ത്തനം നടത്തുന്നത് സിപിഎമ്മിന്റെയും കെഎസ്ടിഎയുടേയും ആശയപാപ്പരത്തമാണ് കാണിക്കുന്നത്.
തൃശൂരില്‍ ചേര്‍ന്ന സമ്പൂര്‍ണ സംസ്ഥാനസമിതിയോഗം എബിആര്‍എസ്എം ദക്ഷിണക്ഷേത്രീയ സംഘടനാകാര്യദര്‍ശി കെ.മോഹനകണ്ണന്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ എം.ശിവദാസ് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.എസ്.ഗോപകുമാര്‍, സമാലോചക് കെ.ഗോവിന്ദന്‍കുട്ടി, ടി.അനൂപ്കുമാര്‍, ഇ.കെ.ഹേമലത, വിവേകാനന്ദന്‍, പി.പ്രേമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
















