തിരുവനന്തപുരം: കോൺഗ്രസ് തള്ളിക്കളഞ്ഞ ഗാന്ധിയൻ ആശയങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്നതിൽ കോൺഗ്രസിനുള്ള അസഹിഷ്ണുതയാണ് ഖാദി കമ്മിഷൻ പുറത്തിറക്കിയ കലണ്ടറിനെ വിവാദമാക്കുന്നതിന് പിന്നിലെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ.
ഒരുകാലത്ത് ദേശാഭിമാനത്തിന്റെ പ്രതീകമായിരുന്ന ഖാദി അഴിമതിക്കാരുടെ യൂണിഫോമാക്കിയെന്ന ഖ്യാതി കോൺഗ്രസിനു മാത്രമുള്ളതാണെന്നും മുരളീധരൻ പ്രസ്താവനയിൽ പറഞ്ഞു. ഗാന്ധി എന്നത് അധികാരത്തിലെത്താനുള്ള ഒരു മാർഗം മാത്രമായി കോൺഗ്രസ് ഉപയോഗിക്കുകയായിരുന്നു. ഗാന്ധി സ്നേഹം പുറമേ പറഞ്ഞ കോൺഗ്രസ് ഗാന്ധിയൻ ആശയങ്ങളെ തള്ളിക്കളയുകയാണ് ചെയ്തതെന്നും മുരളീധരൻ പറഞ്ഞു.
ഗാന്ധിജിക്കൊപ്പം ഖാദിയേയും മറന്നത് കോൺഗ്രസാണ്. ഐക്യ ഇന്ത്യയ്‌ക്കുവേണ്ടി നിലകൊണ്ട സർദാർ വല്ലാഭായി പട്ടേലിനെ ബിജെപി ആദരിച്ചപ്പോഴാണ് ആ പേരുതന്നെ കോൺഗ്രസുകാർ ഓർക്കുന്നത്. അത് അവർ വിവാദമാക്കുകയും ചെയ്തു. അധികാരത്തിന്റെ മത്തുപിടിച്ച് ഗാന്ധിജിയെ മറന്ന കോൺഗ്രസ് ഖാദിയേയും പുറത്താക്കിക്കൊണ്ടിരിക്കുകയാണ്.
വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഖാദി കമ്മിഷൻ പുനരുദ്ധരിച്ചത്. മോദിയുടെ നേതൃത്വത്തിൽ ഖാദി മുന്നേറുകയാണെന്നതിന് ഇപ്പോഴത്തെ കണക്കുകൾ സാക്ഷിയാണ്. ഖാദി വിൽപനയിൽ കഴിഞ്ഞ വർഷം 29% വർദ്ധനയാണുണ്ടായത്. ഇതിനെതിരേ കോൺഗ്രസ് നടത്തുന്നത് ദുഷ്ടലാക്കോടെയുള്ള പ്രചാരണമാണെന്നും വി.മുരളീധരന്‍ പറഞ്ഞു.
















