കോട്ടയം: മറ്റക്കര ടോംസ് എഞ്ചിനീയറിങ് കോളേജിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്ന് സാങ്കേതിക സര്‍വകലാശാലയുടെ വിലയിരുത്തല്‍. കോളേജിനെതിരെ സര്‍വകലാശാല രജിസ്ട്രാര്‍ നടപടിക്ക് ശുപാര്‍ശ ചെയ്യാനാണ് സാധ്യത. രജിസ്ട്രാറുടെ തെളിവെടുപ്പില്‍ കോളേജ് ചെയര്‍മാന്‍ തെറ്റ് ഏറ്റ് പറഞ്ഞു.
കോളേജ് മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ട പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ ജി.പത്മകുമാറിന്റെ നേതൃത്വത്തില്‍ കോളേജില്‍ തെളിവെടുപ്പ് നടത്തിയത്. വിദ്യാര്‍ത്ഥിനികളോട് ചെയര്‍മാന്‍ ടോം മോശമായി പെരുമാറുകയും അശ്ലീല പദപ്രയോഗം നടത്തിയെന്നുമാണ് പരാതി. വലിയ തുക പിഴയായി ചുമത്തുന്നു, കഠിനമായി ശിക്ഷിക്കുന്നു തുടങ്ങിയ പരാതികളും ഉണ്ടായി.
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒറ്റക്കെട്ടായി ചെയര്‍മാനെതിരെ രജിസ്ട്രാര്‍ക്ക്മുന്നില്‍ മൊഴി നല്‍കി. ഒരു വിഭാഗം അധ്യാപകര്‍ മാനേജ്‌മെന്റിനെ ശക്തമായി ന്യായീകരിച്ചപ്പോള്‍ മറ്റുള്ളവര്‍ മൗനം പാലിച്ചു. ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തുകയാണെന്ന് അറിയിച്ചു. മറ്റൊരു കോളേജിലേക്ക് മാറ്റം വേണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിച്ചാല്‍ കോളേജില്‍ തുടരാമെന്നായിരുന്നു ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നിലപാട്.
കോളേജിന് വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലെന്നാണ് സാങ്കേതിക സര്‍വകലാശാല അധികൃതരുടെ വിലയിരുത്തല്‍. രജിസ്ട്രാറുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കും.
















