ന്യൂദല്‍ഹി: സംഘടനയ്‌ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് വിവാദ മത പ്രഭാഷകന്‍ സക്കീര്‍ നായിക് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സംഘടനയ്‌ക്ക് വിലക്കേര്‍പ്പെടുത്താനുള്ള കാരണങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞു. ഹര്‍ജി കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
നവംബര്‍ 15 നാണ് കേന്ദ്രസര്‍ക്കാര്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് അഞ്ചുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രഭാഷണങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നവംബര്‍ 19ന് സംഘടനയുടെ ഓഫീസുകളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു.
സക്കീറും കൂട്ടരും മതവൈരവും വെറുപ്പും പടര്‍ത്തുന്ന നടപടികളാണ് ചെയ്യുന്നത്. പ്രസ്താവനകളും പ്രസംഗങ്ങളും സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നു. ഓരോ മുസ്ലിമും ഒസാമ ബിന്‍ ലാദനെപ്പോലെയാകണമെന്നാണ് ആഹ്വാനം. ഇസ്ലാം വേണമെന്ന്, വാളുകൊണ്ട് വിചാരിച്ചാല്‍ ഇവിടത്തെ 80 ശതമാനം ഹിന്ദുക്കളെയും മതംമാറ്റിയേനേ എന്നാണ് ഇയാള്‍ പ്രസംഗിക്കുന്നത്, ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം നല്‍കിയ കുറിപ്പില്‍ പറഞ്ഞിരുന്നു.
പ്രസംഗങ്ങളിലൂടെ സക്കീര്‍ സമുദായങ്ങള്‍ തമ്മില്‍ വൈരം വളര്‍ത്തുന്നു. മുസ്ലിങ്ങളായ ചെറുപ്പക്കാരോട് ഭീകരരാകാന്‍ ആഹ്വാനം ചെയ്യുകയാണ്. ഇവ വിവിധ വിശ്വാസികളടങ്ങിയ ഭാരതത്തിന്റെ ബഹുസ്വരതക്ക് ഭീഷണി. മതേതര സാമൂഹ്യ വ്യവസ്ഥക്ക് വെല്ലുവിളിയാണ്. ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായ ഭീകരരുടെ മൊഴികളില്‍ നിന്ന് അവര്‍ക്ക് ഇയാളില്‍ നിന്നാണ് പ്രചോദനം ലഭിച്ചതെന്ന് വ്യക്തമാകുന്നു,
ആഭ്യന്തര സെക്രട്ടറി സുധീര്‍ കുമാര്‍ സക്സേന പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ സ്ഥാപനമായും വിജ്ഞാപനത്തില്‍ പ്രഖ്യാപിക്കുന്നു. നായിക്കിന്റെ പീസ് ടിവിയിലെ പ്രസംഗങ്ങളും മറ്റും വിശദമായി പരിശോധിച്ച ശേഷമാണ് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇയാളുടെ പ്രസംഗങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബംഗ്ലാ ഭീകരര്‍ ധാക്കയില്‍ വിദേശികള്‍ ധാരാളമെത്തുന്ന കോഫി ഹൗസ് ആക്രമിച്ച് 20 പേരെ കൊന്നത്.
ഇതിനു ശേഷമാണ് ഇയാളും ഇയാളുടെ പീസ് ടിവിയും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും നിരീക്ഷണത്തിലായത്. ഹജ്ജിനു പോയ നായിക്ക് അറസ്റ്റ് ഭയന്ന് ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. സൗദിയില്‍ തുടരുന്നു. മലേഷ്യ അടക്കം 16 ഇസ്ലാമിക രാജ്യങ്ങളും ബ്രിട്ടനും കാനഡയും ഇയാളെ വിലക്കിയിട്ടുണ്ട്.
















