കോഴിക്കോട്: മുക്കം കെഎംസിറ്റി പോളിടെക്‌നിക്ക് കോളേജില്‍ അച്ചടക്ക നടപടിയുടെ പേരില്‍ വിദ്യാര്‍ത്ഥികളെ മാനേജുമെന്റും അധ്യാപകരും പീഡിപ്പിക്കുന്നതായി പരാതി. മാനേജ്‌മെന്റിന്റെ നടപടികള്‍ ചോദ്യം ചെയ്താല്‍ കോളേജില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന നടപടി അധികൃതര്‍ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥി സംഘടനകള്‍ പോളിടെക്‌നിക്കിലേയ്‌ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.
ആഘോഷത്തിന്റെ പേരില്‍ കേക്ക് മുറിക്കുക, താടി വളര്‍ത്തുക, യൂണിഫോമില്‍ ബെല്‍റ്റ്, ഷൂസ്, എന്നിവയുടെ നിറം മാറുക തുടങ്ങിയവയ്‌ക്ക് 1000 രൂപ മുതല്‍ 10000 രൂപ വരെ പിഴ ഈടാക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ബെഞ്ചില്‍ ചാരി നിന്നാല്‍ പോലും വലിയ പിഴ ചുമത്തുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. അടിസ്ഥാന സൗകര്യം ഒരുക്കില്ലെന്ന് ആരോപിച്ച് നിരവധി തവണ വിദ്യാര്‍ത്ഥികള്‍ കെഎംസിറ്റിയില്‍ സമരം ചെയ്തിട്ടുണ്ട്.
അതേസമയം വിദ്യാര്‍ത്ഥികളുടെ ആരോപണം മാനേജ്‌മെന്റ് നിഷേധിച്ചു. അച്ചടക്ക നടപടികളുടെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പിഴ ഈടാക്കാറില്ലെന്ന് കെഎംസിറ്റി പോളിടെക്‌നിക്ക് കോളേജ് പ്രന്‍സിപ്പല്‍ വിശദീകരിച്ചു. എന്നാല്‍ അക്രമം കാട്ടുന്നതിലൂടെ സ്ഥാപനത്തിലെ ഉപകരണങ്ങള്‍ നശിപ്പിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് പിഴ ഈടാക്കാറുണ്ടെന്ന് പ്രന്‍സിപ്പല്‍ പറഞ്ഞു.
















