തിരുവനന്തപുരം: കൊടും ചൂടും വരള്‍ച്ചയും മൂലം സംസ്ഥാനം കടുത്ത വൈദ്യുതി നിയന്ത്രണത്തിലേക്ക് നീങ്ങുന്നു. മാര്‍ച്ച് മാസം മുതല്‍ ലോഡ്‌ഷെഡിങ് തുടരാനാണ് കെഎസ്‌ഇബിയുടെ ആലോചന. പുറത്ത് നിന്നും വൈദ്യുതി വാങ്ങിയാലും പ്രതിസന്ധിക്ക് പരിഹാരമുണ്ടാവില്ല.
68 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം. സംസ്ഥാനത്ത് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് ഏഴ് മുതല്‍ പത്ത് ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ്. ബാക്കി പുറത്ത് നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ഉപഭോഗം പ്രതിദനം 80 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് പോകും. പവര്‍ഗ്രിഡില്‍ നിന്നും കൊണ്ടുവരാവുന്ന പരമാവധി വൈദ്യുതി 60 ദശലക്ഷം യൂണിറ്റ് മാത്രമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം അനിവാര്യമായിരിക്കുകയാണ്.
സ്വകാര്യ നിലയങ്ങളുമായി ഉണ്ടാക്കിയ കരാറില്‍ മാത്രമാണ് ഇനി കെഎസ്‌ഇബിയുടെ പ്രതീക്ഷ. ഉത്പാദനം പുനരാരംഭിച്ചാല്‍ കായംകുളത്ത് നിന്നും ഏഴ് ദശലക്ഷം യൂണിറ്റ് വൈദ്യുതി കൂടി ലഭിച്ചേക്കും. എന്നാലിതിന് ഇരട്ടി വില നല്‍കണം. ഇത് കെഎസ്‌ഇബിക്ക് വലിയ ബാധ്യതയായി മാറുകയും ചെയ്യും.
















