കൊച്ചി: ശബരിമലയിലെ ലഘുഭക്ഷണ സ്റ്റാളുകളില്‍ ചപ്പാത്തി, പൊറോട്ട, വെജിറ്റബിള്‍ പുലാവ് തുടങ്ങിയവ വില്‍ക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലഘുഭക്ഷണ സ്റ്റാളില്‍ മറ്റു ഭക്ഷണങ്ങള്‍ വില്‍ക്കാന്‍ അനുമതി തേടി റാന്നി പെരിനാട് സ്വദേശി ജിജു. പി. വിജയന്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ലഘുഭക്ഷണ ശാലയില്‍ വട, കട്ലറ്റ്, ശീതളപാനീയങ്ങള്‍, ബിസ്‌കറ്റ്, ചായ തുടങ്ങിയ ചെറു ഭക്ഷണവും പാനീയങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്. ഇതിനു പകരം പൊറോട്ട, ചപ്പാത്തി, വെജിറ്റബിള്‍ പുലാവ് തുടങ്ങിയ ഭക്ഷണങ്ങള്‍ സ്റ്റാളുകള്‍ വഴി വില്‍ക്കാനാവില്ല.
ഇവയൊക്കെ ബേക്കറി സാധനങ്ങള്‍ പോലെ പാക്കറ്റിലാണ് നല്‍കുന്നതെന്നും ദേവസ്വം ബോര്‍ഡ് ഇത് അനുവദിക്കുന്നില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ലഘുഭക്ഷണ ശാലകളില്‍ ഫുള്‍ മീല്‍സ് വില്‍ക്കരുതെന്ന് ചൂണ്ടിക്കാട്ടി 2015 ല്‍ തന്നെ കോടതി വിധിയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.
















