തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരെ കടുത്ത നടപടി വേണമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. പി.ജയരാജന്‍, എം.വി ജയരാജന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരാണ് വിമര്‍ശിച്ചത്. വിഎസിനെ താക്കീതില്‍ ഒതുക്കിയതിനെതിരെ കടുത്ത അതൃപ്തി പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നു.
ഞായറാഴ്ച തിരുവനന്തപുരത്ത് സമാപിച്ച കേന്ദ്ര കമ്മിറ്റിയോഗത്തിലെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടിയാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റും ഇന്ന് സംസ്ഥാന സമിതി യോഗവും ചേര്‍ന്നത്. രാവിലെ സംസ്ഥാന സമിതി ചേര്‍ന്നപ്പോള്‍ തന്നെ പിബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള കേന്ദ്രകമ്മിറ്റിയോഗ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് വി.എസിനെതിരെ വിമര്‍ശനം ഉണ്ടായത്.
കടുത്ത അച്ചടക്ക ലംഘനം നടത്തിയ നേതാവിനെ താക്കീത് പോലെയുള്ള ചെറിയ ശിക്ഷയില്‍ ഒതുക്കിയത് ശരിയായില്ലെന്നായിരുന്നു നേതാക്കളുടെ വിമര്‍ശനം. വി.എസും സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നു.
















