ഹൈദരാബാദ്: നിരക്ക് കുറച്ചത് മൂലം എസ്ബിഐ ഭവന വായ്‌പ ഗണ്യമായി ഉയരാന്‍ സാധ്യതയുണ്ടെന്ന് എസ്ബിഐ നാഷണല്‍ ബാങ്കിങ് മാനേജിങ് ഡയറക്ടര്‍ രജ്‌നീഷ് കുമാര്‍.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച നവംബര്‍ എട്ടിനുശേഷം ബാങ്കിങ് മേഖലയിലെ വായ്‌പാ നടപടികള്‍ പൊതുവെ മന്ദഗതിയിലായിരുന്നു. എന്നാല്‍ ഭവന വായ്‌പ നിരക്ക് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതോടെ ഇതുമായി ബന്ധപ്പെട്ട നിരവധി അന്വേഷണങ്ങളാണ് വരുന്നത്.
ഭവന വായ്‌പാ നിരക്കില്‍ 0.90 ശതമാനം കുറയ്‌ക്കുന്നതായി എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വായ്‌പകളെക്കുറിച്ചുള്ള അന്വേഷണങ്ങളും വര്‍ധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ കൂടാതെ മുന്‍പത്തേക്കാള്‍ മൂന്നുമടങ്ങ് അേന്വഷണങ്ങളാണ് ഇപ്പോള്‍ ദിനംപ്രതി ബാങ്ക് ശാഖകളിലെത്തുന്നത്.
വായ്‌പാ നിരക്ക് കുറച്ചതോടെ ഭവന വായ്‌പയിലുണ്ടായ മാന്ദ്യം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുമാര്‍ പറഞ്ഞു.
അതേസമയം നോട്ട് അസാധുവാക്കലിനുശേഷം ഡെബിറ്റ് കാര്‍ഡ് ഉപയോഗങ്ങള്‍ ഇതിനുമുമ്പ് ഉണ്ടായിരുന്നതിന്റെ മൂന്നര ഇരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. കൂടാതെ ഓണ്‍ലൈന്‍ വാലറ്റ് ഇടപാടുകളിലും വര്‍ധനവുണ്ടായിട്ടുണ്ട്. അതിനാല്‍ രാജ്യത്തെ പോയിന്റ് ഓഫ് സെയില്‍ മെഷീനുകളുടെ (പിഒഎസ്) എണ്ണം ഈ വര്‍ഷം രണ്ടുലക്ഷമാക്കി ഉയര്‍ത്താനും എസ്ബിഐക്ക് പദ്ധതിയുണ്ട്.
നിലവില്‍ 45000 പിഒഎസ് മെഷീനുകളാണ് ഉള്ളത്. ഇത് പ്രാവര്‍ത്തികമാവുന്നതോടെ പണത്തിനായി എടിഎമ്മുകളെ ആശ്രയിക്കുന്നതില്‍ കുറവ് വരുമെന്നും കുമാര്‍ പറഞ്ഞു.
















