പയ്യാവൂര്‍: കുന്നത്തൂര്‍പ്പാടിയില്‍ മുത്തപ്പന് ആലവട്ടം സമര്‍പ്പിച്ചു. പാലക്കാട് സ്വദേശി അശോക് കുമാര്‍ എന്ന ഭക്തനാണ് പ്രാത്ഥനയായി ആലവട്ടം സമര്‍പ്പിച്ചത്. കുന്നത്തൂര്‍പ്പാടിയില്‍ ഇതാദ്യമായാണ് ആലവട്ടം സമര്‍പ്പിക്കുന്നത്. മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂര്‍പ്പാടി സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ആരാധനാ കേന്ദ്രമാണ്. യാത്രാ സൗകര്യമില്ലാതിരുന്ന മുന്‍ കാലങ്ങളില്‍ കോഴിക്കോട് മുതലുള്ള ഭക്തജനങ്ങള്‍ ഇവിടെ ആരാധനയ്‌ക്ക് എത്താറുണ്ടായിരുന്നു. ഇവിടെ ഇപ്പോഴും ക്ഷേത്രങ്ങളോ കെട്ടിടങ്ങളോ ഇല്ല. കൊടുംകാട്ടിനുള്ളില്‍ ഓടച്ചൂട്ടിന്റെ വെളിച്ചത്തില്‍ പാതിരാവിനടുത്താണ് പ്രധാന ചടങ്ങുകള്‍ ആരംഭിക്കുന്നത്. വെള്ളാട്ടം, തിരുവപ്പന, ഒന്നിടവിട്ട ദിവസങ്ങളില്‍ മൂലം പെറ്റ ഭഗവതിയും കെട്ടിയാടും.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മാത്രം അഞ്ചു ലക്ഷത്തോളം ഭക്തര്‍ മുത്തപ്പ ദര്‍ശനത്തിനായി എത്തിയെന്നാണ് കണക്ക്. നാളിതുവരെയുണ്ടാകാത്ത ഭക്തജനത്തിരക്കാണിത്. 16 ന് രാവിലെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഉത്സവം സമാപിക്കും. ധനു രണ്ടു മുതല്‍ മകരം രണ്ട് വരെയാണ് ഇവിടെ ഉത്സവം. സമാപനമായതോടെ പാടിയില്‍ ദിവസവും ഭക്തജനത്തിരക്കാണ്.ഭൂരിപക്ഷം ഭക്തജനങ്ങളും സ്വകാര്യവാഹനങ്ങളിലാണ് എത്തുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ പാടിയില്‍ നിന്നും നാല് ഭാഗത്തേക്കുമുള്ള റോഡുകളില്‍ നാലും അഞ്ചും കിലോമീറ്റര്‍ ദൂരത്തില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഇതുകൊണ്ട് പല സ്ഥലങ്ങളില്‍ നിന്നും എത്തിയവര്‍ കിലോമീറ്ററുകളോളം നടന്നാണ് കുന്നത്തൂര്‍പ്പാടിയില്‍ എത്തിയത്.
















