ശബരിമല: തീര്‍ത്ഥാടനത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്നു വിഭിന്നമായി ഹൃദ്രോഗമരണം കുറഞ്ഞു വരുന്നതായി സന്നിധാനത്തെ സഹാസ് മെഡിക്കല്‍ സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഒ. വാസുദേവന്‍ പറഞ്ഞു.
മലകേറിയെത്തുന്ന ഭക്തരില്‍ ഹൃദയാഘാതവും കുറഞ്ഞിട്ടുണ്ട്. മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങളും മലകയറ്റത്തില്‍ അയ്യപ്പഭക്തര്‍ക്ക് ഇടയിലുണ്ടായ ബോധവത്കരണവുമാണ് ഇതിന് കാരണമായത്.
ഈ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് ഇതുവരെ ഹൃദ്രോഗബാധിതനായി ഒരാള്‍ മാത്രമാണ് മരിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നിരവധി മരണങ്ങള്‍ മലകയറ്റത്തിനിടയിലും സന്നിധാനത്തും ഉണ്ടായിട്ടുണ്ട്. മലകയറി വന്നയുടന്‍ വിശ്രമിക്കാതെ ക്യൂവില്‍ നിന്ന് പതിനെട്ടാം പടി കയറുന്നവര്‍ക്കിടയിലാണ് ഹൃദ്രോഗ സാധ്യത കൂടുതലായി കാണുന്നത്. മലകയറ്റത്തിനിടയില്‍ ചെറുതായി നെഞ്ചുവേദന അനുഭവപ്പെടുന്നവര്‍ പോലും ദര്‍ശനം നടത്താനുള്ള തിടുക്കത്തില്‍ പതിനെട്ടാം പടി കയറുകയാണ്. ഇത് അപകടകരമാണ്.
ഭക്തര്‍ തങ്ങിനില്‍ക്കുന്ന ഇടങ്ങളിലെല്ലാം മലകയറ്റത്തില്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കിയിരുന്നു.
















