ബംഗളൂരു: രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ഇന്ന് മുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ല. കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ശതമാനം ട്രാന്‍സാക്ഷന്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള ബാങ്കുകളുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. കാര്‍ഡ് ഇടപാടുകളുടെ ട്രാന്‍സാക്ഷന്‍ ഫീസ് പമ്പുടമകളില്‍ നിന്ന് ഈടാക്കാനാണ് ബാങ്കുകളുടെ തീരുമാനം.
കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴാണ് ബാങ്കുകളുടെ കൊള്ളയടി. കറന്‍സി രഹിത ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിന് കാര്‍ഡ് ഉപയോഗിച്ച് അടിക്കുന്ന പെട്രോളിന് 0.75 ശതമാനം വിലക്കുറവ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
നോട്ട് ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഡ് സ്വീകരിക്കില്ലെന്ന പമ്പുടമകളുടെ തീരുമാനം ഉപഭോക്താക്കള്‍ക്കും തിരിച്ചടിയാകും. എടിഎം, കാര്‍ഡ് ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.
















