തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം ഭരണ പ്രതിസന്ധിയിലേക്കു പോകുകയാണ്. ഉദ്യോഗസ്ഥരുടെ മേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ധാര്‍മികത പറയുന്ന സി.പി.എം നേതൃത്വം കൊലക്കേസില്‍ പ്രതിയായ എം.എം മണിയോട് മന്ത്രിസ്ഥാനത്തില്‍ തുടരാനാണ് ആവശ്യപ്പെട്ടത്. രാജ്യത്ത് ആദ്യമായാണ് കൊലക്കേസില്‍ പ്രതിയായ ഒരാള്‍ മന്ത്രിസ്ഥാനത്തിരിക്കുന്നത്. മണി മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ ഭൂട്ടാന്‍ സ്വദേശിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരെയും പിടിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
















