തിരുവനന്തപുരം: യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ തികച്ചും രാഷ്‌ട്രീയ താല്‍പര്യത്തിന്റെപേരില്‍ മാത്രം നിയമിക്കപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ഭാഗമാക്കി പ്രമോഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. പൂര്‍ണമായും ഗവണ്‍മെന്റ് വകുപ്പുകളില്‍പ്പെടുന്ന 10 ശതമാനം സെക്കന്റ് ഗസറ്റഡ് പോസ്റ്റുകളാണ് അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ ഒരു പൊതുമേഖലാ സ്ഥാപനത്തെയും അതില്‍ പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ തസ്തികമാറ്റം വഴിയുള്ള നിയമനത്തിനായി താഴ്ന്ന ശമ്പളക്കാരുടെ വിഭാഗത്തിന് വേണ്ടി നീക്കിവച്ചിട്ടുള്ള മൂന്നിലൊന്ന് തസ്തികകളില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തിയത് ശരിയായ നടപടിയല്ല.
അഴിമതി കുറയ്‌ക്കുന്നതിന് കൂടി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ സര്‍വീസിലേക്ക് അഴിമതിയുടെ ചെളിക്കുണ്ടില്‍ ആഴ്ന്നു കിടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെകൂടി ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായുള്ള ജീവനക്കാരുടെ അവസരം നിഷേധിക്കുന്നതിനും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരണവുമായി ബന്ധപ്പെട്ട് പറയുന്ന അഴിമതി രഹിത സിവില്‍ സര്‍വീസ് എന്ന ആശയത്തിന്റെ കടയ്‌ക്കല്‍ കത്തി വയ്‌ക്കുന്നതുമാണ്.
ഈ സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ കെഎഎസിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















