കൊച്ചി : വന്‍കിട കെട്ടിട നിര്‍മാതാക്കളില്‍നിന്നു കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ അടക്കമുള്ളവര്‍ക്ക് വന്‍തോതില്‍ അനധികൃത സ്വത്ത് ഉള്ളതായി സിബിഐയുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു.
ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ അല്ലു കെ. പ്രതാപ്, അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഡി.എസ്. ജാദവ്, ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ സി.പി. സുനില്‍, കെ.കെ. ബില്‍ഡേഴ്‌സ് എച്ച്ആര്‍ മാനേജര്‍ പി.കെ. അനീഷ്‌കുമാര്‍ എന്നിവരെ സിബിഐ കോടതിയില്‍ ഹാജരാക്കി. നാലുപേരെയും തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു. ഇവര്‍ക്ക് പൂനെ, വിശാഖപട്ടണം , മുംബൈ, പനവേല്‍ എന്നിവടങ്ങളില്‍ സ്വത്തുവകകളുണ്ടെന്നു സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച് പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സിബിഐ അറിയിച്ചു.
ഡിസംബറിലാണ് കോഴിക്കോട് ഐഐഎം കാമ്പസില്‍ കെട്ടിട നിര്‍മാണം നടത്തി വന്ന കെ.കെ. ബില്‍ഡേഴ്‌സില്‍ നിന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അല്ലു കെ പ്രതാപ് കൈക്കൂലി ആവശ്യപ്പെട്ടത്. പണം നല്‍കാത്തതിനെ തുടര്‍ന്ന് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് പ്രതികള്‍ മുഖാന്തിരം കെ.കെ. ബിഎല്‍ഡേഴ്‌സില്‍ തൊഴിലെടുക്കുന്നവരുടെ വിവരം ശേഖരിച്ചു. ഈ ഘട്ടത്തിലാണ് സിബിഐ ഇടപെടല്‍ ഉണ്ടാവുന്നതും പ്രതികളെ പിടികൂടുന്നതും. അല്ലു കെ. പ്രതാപ് ഉള്‍പ്പെടെയുള്ളവരില്‍ നിന്നും 60,000 രൂപയും സിബിഐ പിടിച്ചെടുത്തിരുന്നു.
















