വാഷിങ്‌ടെണ്‍: വിടവാങ്ങാല്‍ പ്രസംഗത്തില്‍ വികാരാധീനയായി യുഎസ് പ്രഥമ വനിത മിഷേല്‍ ഒബാമ. ശബ്ദം ഇടറി, കണ്ണുകള്‍ നിറഞ്ഞ്, ഏറെ വികാരാധീനയായിട്ടായിരുന്നു വിടവാങ്ങല്‍ പ്രസംഗത്തില്‍ മിഷേല്‍ ഒബാമ സംസാരിച്ചത്.
രാജ്യത്തിന്റെ പ്രഥമ വനിതയായിരിക്കാന്‍ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനമെന്ന് മിഷേല്‍ പറഞ്ഞു. വൈറ്റ് ഹൗസില്‍ നടന്ന ‘സ്‌കൂള്‍ കൗണ്‍സിലര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാര വിതരണ ചടങ്ങായിരുന്നു മിഷേലിന്റെ അവസാന പ്രസംഗ വേദി.
വിതുമ്പലോടെയുള്ള യാത്ര പറയലിന് മുമ്പ് യുവജനതയെ പ്രോത്സാഹിപ്പിക്കാനും അവര്‍ മറന്നില്ല. മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന തരത്തിലാവണം രാജ്യത്തെ യുവത മുന്നോട്ട് പോകേണ്ടതെന്ന് മിഷേല്‍ പറഞ്ഞു. ഭയപ്പാടോടെയല്ല പ്രതീക്ഷകളോടെയാണ് ജീവിക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കൃത്യമായ ലക്ഷ്യത്തോടെ വേണം മുന്നോട്ട് പോകേണ്ടതെന്ന് ആഹ്വാനം ചെയ്ത മിഷേല്‍ മികച്ച വിദ്യാദ്യാസം കൊണ്ട് കരുത്തു നേടുകയാണ് വേണ്ടെതെന്നും ഓര്‍മ്മിപ്പിച്ചു.
അമേരിക്കയിലേക്ക് കുടിയേറി എത്തിയവരും മഹത്തായ അമേരിക്കന്‍ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും മിഷേല്‍ വ്യക്തമാക്കി. തുടര്‍ന്നും രാജ്യത്തിന്റെ പുരോഗതിക്കും നന്മക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.
















