തുടര്‍ച്ചയായ നാലാം വര്‍ഷവും എച്ച്എസ്എസ് വിഭാഗം മോണോആക്ടില്‍ ഉണ്ണിമായക്ക് എതിരാളികളില്ല. ബോക്‌സിംഗ് ഇതിഹാസം മേരികോമിന്റെ ജീവിതം അരങ്ങിലെത്തിച്ചാണ് ഉണ്ണിമായ ഇത്തവണ സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അര്‍ഹതനേടിയത്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ഉണ്ണിമായ സംസ്ഥാന തലത്തില്‍ ജില്ലയെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നാലാം സ്ഥാനത്തെത്തി. രണ്ടു തവണ ഒന്നാം സ്ഥാനവും. ഈ മിടുക്കി നേടിയിട്ടുണ്ട്. ഒരുതവണ അപ്പീലിലൂടെയാണ് സംസ്ഥാന കലോത്സവത്തിനെത്തിയത്.
കളിക്കളത്തിലും കുടുംബജീവിതത്തിലും ഒരുപോലെ തിളങ്ങിയ മേരികോമിന്റെ കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും കഥയാണ് ഉണ്ണിമായ അവതരിപ്പിച്ചത്. മോണോആക്ടിലെ ഒരുകയ്യില്‍ താരാട്ടും മറുകയ്യില്‍ പ്രതിഷേധവും എന്ന അവസാനത്തെ ഡയലോഗിലൂടെ മേരികോമിന്റെ ജീവിതകായിക വിജയത്തെ തന്‍മയത്വത്തോടെ അവതരിപ്പിച്ച് ഉണ്ണിമായ കയ്യടി നേടുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ ഉണ്ണിമായ എഗ്രേഡ് നേടിയിട്ടുണ്ട്. നാടകത്തിലും മത്സരിക്കുന്നുണ്ട്. നങ്ങ്യാര്‍ക്കൂത്തില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ഉണ്ണിമായ. കഴിഞ്ഞ വര്‍ഷം കഥകളി സംസ്ഥാനതലത്തില്‍ ഒന്നാമതത്തെിയിരുന്നു. സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗോള്‍സ് എച്ച്എസ്എസ്സിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്.
2009ല്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോണോആക്ടില്‍ ഒന്നാമതെത്തുകയും, 2010ല്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സഹോദരന്‍ ഉണ്ണികൃഷ്ണന്‍ പുല്ലങ്ങോട്ടിന്റെ പാത പിന്തുടര്‍ന്നാണ് ഉണ്ണിമായ അഭിനയവേദിയിലേക്ക് എത്തിയത്. കബനി, കെ.വി. വിജേഷ് എന്നിവര്‍ ചേര്‍ന്നാണ് പരിശീലിപ്പിച്ചത്. രമേശ് കാവില്‍, സഹോദരന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഒന്നാംസ്ഥാനം നേടിയ മോണോആക്ട് ഒരുക്കിയത്.
കുന്ദമംഗലം പെരിങ്ങളം ജിഎച്ച്എസ്എസിലെ അധ്യാപകനായ മുരളീധരന്റെയും കുറ്റിക്കാട്ടൂര്‍ സ്‌കൂളിലെ അധ്യാപിക അജിതയുടെയും മകളാണ് ഉണ്ണിമായ.
















